ന്യൂയോർക്ക്: സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചൊവ്വയിലേക്ക് ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ വിക്ഷേപിക്കാന്‍ ഇറ്റലി. ഇതുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്‌പേസ് എജന്‍സിയും (എഎസ്‌ഐ) സ്‌പേസ് എക്‌സും തമ്മില്‍ കരാറൊപ്പിട്ടു. എഎസ്‌ഐ പ്രസിഡന്റ് തിയോദോറോ വാലന്റെയാണ് സാമൂഹികമാധ്യമങ്ങളില്‍ കൂടി ഇക്കാര്യം വെളിപ്പെടുത്തിയത്. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ വാണിജ്യ വിക്ഷേപണങ്ങളില്‍ ഒന്നായിരിക്കും ഇത്.
ചെടികള്‍ വളര്‍ത്തുന്നതിനുള്ള പരീക്ഷണ ദൗത്യം, കാലാവസ്ഥാ നിരീക്ഷണം, റേഡിയേഷന്‍ സെന്‍സര്‍ ഉള്‍പ്പടെയുള്ള ശാസ്ത്ര പരീക്ഷണ ദൗത്യങ്ങളാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ഇറ്റലി ചൊവ്വയിലേക്ക് അയക്കുക. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്കും പിന്നീട് ചൊവ്വയുടെ ഉപരിതലത്തിലേക്കുമുള്ള സ്റ്റാര്‍ഷിപ്പിന്റെ ആറ് മാസക്കാലം നീളുന്ന യാത്രയില്‍ പരമാവധി ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുകയാണ് ദൗത്യത്തിലൂടെ ഇറ്റലി ലക്ഷ്യമിടുന്നതെന്ന് ഏജന്‍സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സ്‌പേസ് എക്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഗൈ്വയ്ന്‍ ഷോട്ട് വെലും ഈ ദൗത്യത്തെ കുറിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
2026 ല്‍ ചൊവ്വയിലേക്കുള്ള സ്റ്റാര്‍ഷിപ്പിന്റെ ആദ്യ വിക്ഷേപണം നടത്താനാണ് സ്റ്റാര്‍ഷിപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടുകളെ ചൊവ്വയിലേക്ക് അയക്കും. റോബോട്ടുകളെ ഉപയോഗിച്ചുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മനുഷ്യരെയും ചൊവ്വയിലേക്ക് അയക്കും.
സ്റ്റാര്‍ഷിപ്പിന്റെ അടുത്ത ഇന്റഗ്രേറ്റഡ് ഫ്‌ളൈറ്റ് ടെസ്റ്റിന് ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ്. ഇപ്പോഴും പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ റോക്കറ്റ് ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിനും അവിടേക്കുള്ള സാധന സമാഗ്രികള്‍ എത്തിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ഈ വര്‍ഷം മൂന്ന് തവണ പരീക്ഷണ വിക്ഷേപണം നടത്തിയ സ്റ്റാര്‍ഷിപ്പ് ഇതുവരെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വരെ എത്തിയിട്ടില്ല. എല്ലാ പരീക്ഷണങ്ങളിലും റോക്കറ്റിന്റെ മുകളിലുള്ള ഭാഗം പൊട്ടിത്തകരുകയാണ്. റോക്കറ്റിന്റെ പത്താമത് പരീക്ഷണ വിക്ഷേപണം ഈ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ നിലവിലുള്ള സ്റ്റാര്‍ഷിപ്പിനേക്കാള്‍ വലിയ റോക്കറ്റ് നിര്‍മിക്കാനുള്ള ശ്രമങ്ങളും സ്‌പേസ് എക്‌സ് തുടങ്ങിക്കഴിഞ്ഞു.
Italy signs deal to launch scientific experiment missions to Mars on Starship