ആലപ്പുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച ഏറ്റുമാനൂർ ജെയ്നമ്മ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പള്ളിപ്പുറത്തെ സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഈ പുതിയ തെളിവ് കേസിൽ നിർണായകമാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കേസിൻ്റെ തുടക്കം: കോട്ടയം അതിരമ്പുഴ സ്വദേശിനിയായ ജെയ്നമ്മയെ 2018-ൽ കാണാതാവുകയായിരുന്നു. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഈ വർഷം ഏപ്രിലിലാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
പ്രതിയും മറ്റ് കേസുകളും
ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റ്യനാണ് ഈ കേസിലെ പ്രധാന പ്രതി. ജെയ്നമ്മ കേസിന് പുറമേ, 2002-ൽ ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, 2012-ൽ കാണാതായ ഐഷ എന്നിവരുടെ തിരോധാന കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ജെയ്നമ്മയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഡി.എൻ.എ. പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
പ്രതിയുടെ കാറിൽ നിന്ന് കത്തി, ചുറ്റിക, ഡീസലിൻ്റെ മണമുള്ള കന്നാസ് തുടങ്ങിയ വസ്തുക്കൾ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ജെയ്നമ്മയെ ഒരു പ്രാർത്ഥനാ സംഘത്തിൽ വെച്ച് പരിചയമുണ്ടായിരുന്നു എന്ന് സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൂടാതെ, പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. സെബാസ്റ്റ്യനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാൾ ഒരു സീരിയൽ സൈക്കോ കില്ലറാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.