ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആയുധ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാല്‍ തന്റെ ടെര്‍മിനേറ്റര്‍ സിനിമകളില്‍ കാണിച്ചത് പോലെയുള്ള അരാജകത്വം നിറഞ്ഞ ഭാവി പുനഃസൃഷ്ടിക്കപ്പെടുമെന്ന് ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. മികച്ച സയന്‍സ് ഫിക്ഷന്‍ സിനിമാ ഫ്രാഞ്ചൈസുകളിലൊന്നാണ് കാമറൂണ്‍ സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍. ടെര്‍മിനേറ്റര്‍ 7 എന്ന ചിത്രത്തിന്റെ അണിയറ ജോലികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ആധുനിക സാങ്കേതിക വിദ്യകള്‍ താന്‍ സൃഷ്ടിക്കുന്ന സാങ്കല്‍പ്പിക ലോകത്തെ അതിവേഗം മറികടക്കുന്നതാണെന്നും ഇക്കാലത്ത് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ എഴുതുന്നത് തനിക്കേറെ പ്രയാസകരമായി മാറിയിരിക്കുന്നുവെന്ന് കാമറൂണ്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ആണവായുധ സംവിധാനങ്ങളില്‍ ഉള്‍പ്പടെ ആയുധ സംവിധാനങ്ങളുമായി എഐ സംയോജിക്കുന്ന ഈ സമയത്ത് ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള മഹാദുരന്തത്തിനുള്ള അപകടസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് റോളിങ് സ്‌റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ കാമറൂണ്‍ പറഞ്ഞു.
‘ആധുനിക യുദ്ധരംഗത്ത് കാര്യങ്ങളെല്ലാം അതിവേഗമാണ് സംഭവിക്കുന്നത് അതുകൊണ്ട് തീരുമാനങ്ങള്‍ വളരെ വേഗത്തില്‍ എടുക്കേണ്ടി വരുന്നു. ആ വേഗം കൈകാര്യം ചെയ്യാനും വിവരങ്ങള്‍ വളരെ വേഗം പ്രൊസസ് ചെയ്യാനും സൂപ്പര്‍ ഇന്റലിജന്റായ എഐ വേണ്ടി വന്നേക്കാം. തീരുമാനങ്ങളെടുക്കാന്‍ മനുഷ്യന്‍ തന്നെയാണ് നല്ലത്. എന്നാല്‍ മനുഷ്യര്‍ക്ക് തെറ്റ് പറ്റിയേക്കാം. പണ്ട് മനുഷ്യര്‍ക്ക് പറ്റിയ തെറ്റുകള്‍ ആണവയുദ്ധങ്ങളില്‍ വരെ എത്തിയേക്കാമായിരുന്ന വലിയ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാം എഐയുടെ നിയന്ത്രണത്തിലാക്കുന്നതാണോ അതോ മനുഷ്യരുടെ മേല്‍നോട്ടത്തിലാക്കുന്നതാണോ എതാണ് നല്ലത് എന്ന് എനിക്കറിയില്ല. ‘ -കാമറൂണ്‍ പറഞ്ഞു.
കാലാവസ്ഥയും മൊത്തം പ്രകൃതിയുടെയും ശോഷണവും, ആണവായുധങ്ങള്‍, സൂപ്പര്‍ ഇന്റലിജന്‍സ് എന്നിവ മുഴുവന്‍ മനുഷ്യവംശത്തിനും വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന സുപ്രധാനമായ മൂന്ന് അസ്തിത്വഭീഷണികളാണെന്ന് കാമറൂണ്‍ ചൂണ്ടിക്കാട്ടുന്നു.
1984 ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രത്തില്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറാണ് പ്രധാന താരമായെത്തിയത്. സ്‌കൈനെറ്റ് എന്ന റോബോട്ടിക് സേന മുഴുവന്‍ മനുഷ്യകുലത്തേയും നിയന്ത്രിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യരോളം ബുദ്ധിയും ചലനശേഷിയും ഇന്ദ്രിയങ്ങളുടെ മികവും മനുഷ്യനേക്കാള്‍ കായിക ശക്തിയുമുള്ള യന്ത്രമനുഷ്യരേയാണ് ടെര്‍മിനേറ്ററില്‍ ആവിഷ്‌കരിച്ചത്. ഈ യന്ത്രമനുഷ്യരാണ് ആധുനിക റോബോട്ടിക്‌സ് രംഗത്തെ ഓരോ മുന്നേറ്റത്തിനും മാതൃകയെന്ന് നമുക്ക് തോന്നിയേക്കാം.
James Cameron warns of consequences like those in his Terminator movies when AI and weapons systems are connected