കശ്മീർ : ജമ്മുകശ്മീരിൽ മഴക്കെടുതിയിൽ 24 മണിക്കൂറിനിടെ 35 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു. മാതാ വൈഷ്ണോ ദേവി യാത്ര താത്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. വൈഷ്ണോ ദേവിക്ഷേത്രത്തിലേക്കുള്ള പാതയായ കത്രയിലെ മലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 31 തീർത്ഥാടകർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 17 പേർ ഉത്തർപ്രദേശിൽ നിന്നും 14 പേർ ഹരിയാനയിൽ നിന്നുമുള്ളവരാണ്.
രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം, എൻഡിആർഎഫ് (ദേശീയ ദുരന്ത നിവാരണ സേന), എസ്ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന), ജമ്മു പോലീസ്, ഷ്രൈൻ ബോർഡ് ജീവനക്കാർ എന്നിവർ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവെച്ചതായും പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തീർത്ഥാടകർ യാത്ര തുടങ്ങരുതെന്നും അവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാണ്: 9906041708, 9797775986, 9906041716.