തിരുവനന്തപുരം: കേരളത്തിൽ ഒഴികെ രാജ്യമെമ്പാടും ഇന്നലെ (ഓഗസ്റ്റ് 16) ജന്മാഷ്ടമി ആഘോഷിച്ചപ്പോൾ, മലയാളം കലണ്ടറുകളിലെ തീയതിയെച്ചൊല്ലി ആശയക്കുഴപ്പം. ഈ വർഷത്തെ ജന്മാഷ്ടമി സെപ്റ്റംബർ 14-നാണെന്നാണ് കേരളത്തിൽ കലണ്ടറുകൾ സൂചിപ്പിക്കുന്നത്. ഏകദേശം ഒരു മാസത്തെ ഈ വ്യത്യാസം ചൂണ്ടിക്കാട്ടി എം.പി. ശശി തരൂർ രംഗത്തെത്തി.
ഇതുസംബന്ധിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചകൾക്ക് വഴിവെച്ചത്. “ഓഗസ്റ്റ് 16-ന് കേരളം ഒഴികെ ഇന്ത്യയിലെല്ലായിടത്തും ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മാഷ്ടമി ആഘോഷിച്ചു. എന്നാൽ കേരളത്തിൽ കലണ്ടറുകളിൽ ഈ വർഷത്തെ ജന്മാഷ്ടമി തീയതി സെപ്റ്റംബർ 14-നാണ് കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരമൊരു വ്യത്യാസം ഉണ്ടാകുന്നതെന്ന് ആർക്കെങ്കിലും വിശദീകരിക്കാൻ കഴിയുമോ?” എന്നും തരൂർ ചോദിക്കുന്നു.
“ഭഗവാൻ പോലും ആറ് ആഴ്ച ഇടവേളയിൽ രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ ജനിക്കാൻ സാധ്യതയില്ല. എല്ലാ വിശ്വാസികൾക്കും ഒരേസമയം ആഘോഷിക്കാൻ കഴിയുന്ന തരത്തിൽ ഇത്തരം മതപരമായ അവധി ദിവസങ്ങൾ ഏകീകരിക്കേണ്ടത് ആവശ്യമാണ്. ” തരൂർ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Janmashtami celebration: Shashi Tharoor points out confusion and discrepancy in calendar date