വാഷിങ്ടൺ: വ്യാപാരക്കരാറുമായി ബന്ധപ്പെട്ടുള്ള യുഎസ് സന്ദർശനം ജപ്പാന്റെ വ്യാപാര പ്രതിനിധി റിയോസെയ് അകാസാവ റദ്ദാക്കി. അവസാന നിമിഷമാണ് അദ്ദേഹം യാത്ര ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനം നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, 550 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനാണ് അകാസാവ വ്യാഴാഴ്ച യുഎസ് സന്ദർശിക്കാനിരുന്നത്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ ആഴ്ചതന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൗവാർഡ് ലുട്‌നിക്ക് അറിയിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സന്ദർശനം റദ്ദാക്കുകയായിരുന്നു.
ഭരണതലത്തിൽ കൂടുതൽ ഏകോപനം ആവശ്യമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് യാത്ര റദ്ദാക്കിയതെന്ന് ജാപ്പനീസ് സർക്കാരിന്റെ വക്താവ് യോഷിമാസ ഹയാഷി വിശദീകരിച്ചു. അദ്ദേഹം ഉടൻ യുഎസ് സന്ദർശിക്കുമോ എന്ന കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, അടുത്തയാഴ്ചതന്നെ ജപ്പാൻ പ്രതിനിധി വാഷിങ്ടൺ സന്ദർശിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ട്രംപ് ഭരണകൂടം ജപ്പാനിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇത് 15 ശതമാനമായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചിരുന്നു. ജപ്പാൻ നിർമിത വാഹനങ്ങളുടെ ഇറക്കുമതിത്തീരുവ 27.5 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കാനും ധാരണയായിരുന്നു. എന്നാൽ, യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ യുഎസ് താരിഫുകളിൽ ഇളവ് നേടുന്നതിനായി ജപ്പാൻ വാഗ്ദാനം ചെയ്ത 550 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജും വൈകാൻ സാധ്യതയുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 29, 30 തീയതികളിലാണ് പ്രധാനമന്ത്രി മോദിയുടെ ജപ്പാൻ സന്ദർശനം.
Japan trade envoy cancels US visit as PM Modi’s Japan visit begins