കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കര ഒരു സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയ നവാസിനെ രാവിലെ റൂം ബോയ് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
മിമിക്രിയിലൂടെ കലാരംഗത്തെത്തിയ കലാഭവൻ നവാസ്, പിന്നീട് സിനിമയിലും സജീവമായിരുന്നു. കോമഡി വേഷങ്ങളിലൂടെയും സ്വഭാവ നടനായും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.