കലാഭവന്‍ നവാസ് അന്തരിച്ചു; ആകസ്മിക വിയോഗത്തിൽ ഞെട്ടി, സിനിമ ലോകവും സുഹൃത്തുക്കളും ആരാധകരും

കലാഭവന്‍ നവാസ് അന്തരിച്ചു; ആകസ്മിക വിയോഗത്തിൽ ഞെട്ടി, സിനിമ ലോകവും സുഹൃത്തുക്കളും ആരാധകരും

കൊച്ചി: കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.

നടൻ കലാഭവൻ നവാസിന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടി, ആശുപത്രിയിലേക്ക് ഓടിയെത്തി സിനിമ ലോകവും സുഹൃത്തുക്കളും ആരാധകരും. അൽപംമുമ്പ് കണ്ടുപിരിഞ്ഞവരടക്കം ആളുകൾക്ക് വാർത്ത വിശ്വസിക്കാനായില്ല. സഹോദരനും നടനുമായ നിയാസ് ഉൾപ്പെടെയുള്ളവർക്ക് താങ്ങാനാകുന്നതായിരുന്നില്ല വേർപാടിന്‍റെ വാർത്ത. വാർത്തയറിഞ്ഞ് മിമിക്രി കലാകാരന്മാരടക്കം ഓടിയെത്തി.

മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്.

ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയിൽ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങൾക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്. എന്നാൽ മറ്റ് താരങ്ങൾ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനിൽ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണിൽ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാൻ എത്തിയ റൂം ബോയ് വാതിൽ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോൾ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിൽ ആയിരുന്നു.

നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ജീവൻ ഉണ്ടായിരുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. മൃതദേഹം നിലവിൽ മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറൽ ബോഡി യോഗത്തിൽ അടക്കം നവാസ് സജീവ സാന്നിധ്യമായിരുന്നു.

1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് നവാസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

എത്ര ബലം പിടിച്ചിരിക്കുന്ന ആൾക്കൂട്ടത്തെയും ഒരു മിനിട്ടുകൊണ്ട് പൊട്ടിച്ചിരിപ്പിക്കാൻ കഴിയുന്ന മിമിക്രിതാരം. ഏത് വേഷവും സ്വാഭാവികമായി ചെയ്യാൻ കഴിയുന്ന നടൻ. കലാഭവൻ നവാസ് ഓർമ്മയാവുമ്പോൾ ബാക്കിയാവുന്നത് ചിരിയുടെ ഒരു വസന്തമാണ്. സ്‌പോട്ട് നർമ്മങ്ങളായിരുന്നു നവാസിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഒരുകാലത്ത് ഉത്സവപറമ്പുകളിലെ സൂപ്പർസ്റ്റാറായ സ്റ്റാൻഡപ്പ് കൊമേഡിയൻ കൂടിയായിരുന്ന അദ്ദേഹം.

ആർക്കും എളുപ്പത്തിൽ കഴിയാത്ത ഒരുപാട് നമ്പറുകൾ നവാസിന്റെ കൈയിലുണ്ടായിരുന്നു. ആണിന്റെയും പെണ്ണിന്റെയും ശബ്ദത്തിൽ ഒരുപോലെ പാടുക, ഏത് പാട്ടിന്റെയും അനുപല്ലവി കിട്ടിയാൽ പല്ലവി പാടുക, ചൊറിച്ചുമല്ല്, അന്ത്യാക്ഷരി, ടങ് ട്വിസ്റ്റർ.. അങ്ങനെ പോവുന്ന നമ്പറുകളുടെ നീണ്ട നിര. നല്ല ഗായകനും കൂടിയാണ് നവാസ്. സിനിമാ ഡയലോഗുകൾക്ക് സ്‌പോട്ട് ഡബ്ബ് ചെയ്യുക എന്നിവയിലൂടെയൊക്കെ അദ്ദേഹം വേദികൾ കൈയിലെടുത്ത്. സിനിമാ താരങ്ങളുടെ ശബ്ദം അദ്ദേഹം ചെയ്യുമ്പോഴുള്ള പെർഫക്ഷൻ ഒന്ന് വേറെയായിരുന്നു.

തൃശൂരിലെ വടക്കാഞ്ചേരി എന്ന ഗ്രാമത്തിലാണ് കലാഭവൻ നവാസ് ജനിച്ചത്. ബാപ്പ അബൂബക്കർ അറിയപ്പെടുന്ന നാടക നടനായിരുന്നു. പിന്നീട് അദ്ദേഹം സിനിമയിലെത്തി. ആധാരം, വാൽസല്യം എന്നീ സിനിമകളിലെ അബൂബക്കറിന്റെ പ്രകടനം മറക്കാൻ കഴിയില്ല.

മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമാമായതോടെയാണ്. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.

ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. ഡിറ്റക്റ്റീവ് ഉജ്ജ്വലനിലെ കാരണവരുടെ സീരിയസ് ക്യാരക്ടർ ഇതുവരെ നവാസ് ചെയ്യാത്ത വേഷമായിരുന്നു. കോമഡി റോളുകൾ വിട്ട് സീരിയസ് റോളുകളിലേക്ക് അദ്ദേഹം മാറാനുള്ള ശ്രമത്തിലായിരുന്നു. സിനിമയിൽ നല്ല വേഷങ്ങൾ കിട്ടിയില്ല എന്ന പരാതിയൊന്നും നവാസിന് ഇല്ലായിരുന്നു. കൂടുതൽ സജീവമാവാൻ തുടങ്ങുമ്പോഴാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.

ഭാര്യ രഹ്നയും നടിയാണ്. കുറച്ച് സിനിമകളും സീരിയിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് മക്കളാണ്. മെഹ്‌റിൻ, റൈഹൻാൻ, റിസ്വാൻ.

നവാസ് ഒരു പ്രകൃതി സ്‌നേഹികൂടിയാണ്. അദ്ദേഹം ആലുവയിൽ ഉണ്ടാക്കിയ മണ്ണുവീട് സമുഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ നവാസ് പറയുന്നു. ‘വിവാഹ ശേഷം ഞങ്ങൾ ആലുവ ചൂണ്ടി എന്ന സ്ഥലത്താണ് വീടുപണിതത്. പിന്നീട് വർഷങ്ങൾ അവിടെയായിരുന്നു താമസം. ഇരുനില വീടായിരുന്നു. പിന്നെ ഞങ്ങൾ വേറെ ഒരു വീട് വാങ്ങിയപ്പോൾ രഹ്ന അവിടെ ഡിസൈൻ വസ്ത്രങ്ങളുടെ കടയും താഴെ നഴ്‌സറി കുട്ടികൾക്കായി ഒരു സ്‌കൂളും തുടങ്ങി.

നവാസിന്റെ മണ്ണുകൊണ്ടുള്ള വീടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നഗരത്തിന്റെ ബഹളത്തിൽനിന്ന് മാറി താമസിക്കണം എന്ന് ആഗ്രഹിച്ചതിനാൽ ഞങ്ങൾ ആലുവ നാലാംമൈൽ എന്ന സ്ഥലത്ത് വീടുവെച്ചു. അത് മണ്ണുകൊണ്ടുള്ള വീടായിരുന്നു. സാഹിത്യകാരി സാറാ ജോസഫിന്റെ മരുമകനായ ആർക്കിടെക്റ്റ് ശ്രീനിവാസനാണ് കേരളത്തനിമ നിറയുന്ന ഒറ്റനില വീട് പണിതത്. ഈ വീട്ടിൽ ഇപ്പോഴും സുഖകരമായ കാലാവസ്ഥയാണ്” ഒരു അഭിമുഖത്തിൽ നവാസ് പറയുന്നു. ഇപ്പോൾ ഈ മണ്ണുവീടും, പുർത്തിയാക്കാത്ത സ്‌കിറ്റുകളുമെല്ലാം വിട്ട് നവാസ് യാത്രയാവുകയാണ്.

Kalabhavan Nawaz passes away

Share Email
LATEST
Top