കോട്ടയം: മൊബൈൽ ഫോണുകളിലും വൈദ്യുത വാഹനങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദവും അപകടരഹിതവുമായ ബാറ്ററികൾ കണ്ടുപിടിച്ചതിന് മലയാളി യുവാവിന് ദക്ഷിണ കൊറിയൻ സർക്കാരിൻ്റെ പേറ്റൻ്റ് ലഭിച്ചു.
ആസിഡ് ഉപയോഗിച്ചുള്ള ഇലക്ട്രോലൈറ്റുകൾ ദ്രാവക രൂപത്തിൽ അടങ്ങിയിട്ടുള്ള ലിഥിയം പോളിമർ ബാറ്ററികളാണ് ഇപ്പോൾ വിപണിയിൽ കൂടുതലായുള്ളത്. ഇതിനു പകരം, പൂർണമായും വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഖരരൂപത്തിലുള്ള ഇലക്ട്രോലൈറ്റുകൾ ലിഥിയവുമായി യോജിപ്പിച്ച് നിർമിക്കുന്ന ബാറ്ററി കണ്ടുപിടിച്ചതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ എം. ദീപുവിന് പേറ്റൻ്റ് ലഭിച്ചത്.
ലിഥിയം പോളിമർ ബാറ്ററികൾ ചൂടുകൂടുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. ബാറ്ററിയുടെ ചൂടുകൂടി വാഹനങ്ങൾ കത്തിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദീപു നിർമിച്ച ബാറ്ററിയിൽ വെള്ളത്തിൽ നിന്നുള്ള ഇലക്ട്രോലൈറ്റുകളായതിനാൽ ചൂടാകില്ല, പൊട്ടിത്തെറിക്കില്ല.
കൂടാതെ, പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും കഴിയും. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ലിഥിയം സൂപ്പർ കപ്പാസിറ്ററായും ഇത് ഉപയോഗിക്കാം. മറ്റ് ബാറ്ററികൾ പോലെ പുനരുപയോഗിക്കാമെന്നും നിർമാണച്ചെലവ് താരതമ്യേന കുറവാണെന്നും ദീപു അവകാശപ്പെടുന്നു.
Kanjirappally Man’s Battery Gets Korean Patent