തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിള്‍സ് കളിക്കാരെ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്കു മുമ്പില്‍ അണിനിരത്തിയപ്പോള്‍ വാനോളമെത്തി ആവേശം. റിപ്പിള്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കുഞ്ചാക്കോ ബോബന്‍ ആലപ്പുഴ എസ് ഡി കോളജില്‍ നടന്ന ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്.
താരലേലത്തിനു ശേഷം വമ്പന്‍ മാറ്റങ്ങള്‍ നടത്തി എത്തുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ അവതരണം ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരത്തിനു കൂടി ഊന്നല്‍ നല്‍കി. റിപ്പിള്‍സ് കോച്ച് സോണി ചെറുവത്തൂര്‍, ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍, വൈസ് ക്യാപ്റ്റന്‍ അക്ഷയ് ചന്ദ്രന്‍ എന്നിവരും മറ്റ് ടീമംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ടീം ഉടമകളായ ടി. എസ്. കലാധരന്‍, റാഫേല്‍ പൊഴോലിപ്പറമ്പില്‍ തോമസ് എന്നിവര്‍ കളിക്കാര്‍ക്ക് ടീമിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന്റെ ഭാഗമായ ടീം ക്യാപ് കൈമാറി.
ജലജ് സക്‌സേന, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ, ബേസില്‍ എന്‍. പി, ശ്രീഹരി എസ്. നായര്‍, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, രാഹുല്‍ ചന്ദ്രന്‍, അനുജ്ജ് ജോതിന്‍, ശ്രീരൂപ് എം. പി., ബാലു ബാബു, അരുണ്‍ കെ. എ., അഭിഷേക് പി നായര്‍, ആകാശ് പിള്ള, മുഹമ്മദ് നാസില്‍, അര്‍ജുന്‍ നമ്പ്യാര്‍ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാര്‍. ഈ മാസം 22നു തൃശൂര്‍ ടൈറ്റന്‍സിനു എതിരായാണ് കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിള്‍സിന്റെ ആദ്യ മത്സരം.
കോച്ചിങ് സ്റ്റാഫ്, സ്പോണ്‍സേര്‍സ്, എസ് ഡി കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. തുടര്‍ന്ന് റാപ്പര്‍ ഫെജോ, ഡിജെ റിക്കി ബ്രൗണ്‍ എന്നിവരുടെ ലൈവ് പെര്‍ഫോമന്‍സും ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും നടന്നു.
KCL 2025: Kunchacko Boban introduces Alleppey Ripples players