തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ഔദ്യോഗിക പരസ്യ ചിത്രവും സോണിക് മ്യൂസിക്കും പുറത്തിറക്കി. തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ പരസ്യ ചിത്രത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കളിക്കളത്തിലെ തീപാറുന്ന പോരാട്ടങ്ങള്‍ക്ക് പുറമെ, താരത്തിളക്കത്താല്‍ സമ്പന്നമായ പ്രചാരണ പരിപാടികള്‍ കൂടി ചേരുന്നതോടെ കെസിഎല്‍ രണ്ടാം സീസണ്‍ ഒരു വന്‍ വിജയമാകുമെന്നും കെസിഎ സെക്രട്ടറി പറഞ്ഞു.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മുഖ്യകഥാപാത്രമാകുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ആറാം തമ്പുരാന്റെ’ ശില്പികളായ സംവിധായകന്‍ ഷാജി കൈലാസും നിര്‍മ്മാതാവ് സുരേഷ് കുമാറും അഭിനയിക്കുന്നുണ്ട്. പ്രശസ്ത പരസ്യസംവിധായകന്‍ ഗോപ്‌സ് ബെഞ്ച്മാര്‍ക്കാണ് കെസിഎയ്ക്ക് വേണ്ടി ചിത്രം ഒരുക്കിയത്. ”ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്‌സ് ബെസ്റ്റ’് എന്ന ത്രസിപ്പിക്കുന്ന ആശയമാണ് ചിത്രത്തിന്റെ കാതല്‍.മോഹന്‍ലാലും, ഷാജി കൈലാസും സുരേഷ് കുമാറും ഒത്തു ചേര്‍ന്നപ്പോള്‍ ഒരു സാധാരണ പരസ്യം എന്നതിലുപരി ഒരു കൊച്ചു സിനിമയുടെ പ്രതീതിയാണ് ഉയര്‍ത്തിയത്. സിനിമാ ലൊക്കേഷനില്‍ നടക്കുന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കെസിഎ മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ സംസാരിച്ചു.
തുടര്‍ന്ന് കേരള ക്രിക്കറ്റ് ലീഗിന്റെ സോണിക് മ്യൂസിക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒയും സി.എഫ്.ഒയുമായ മിനു ചിദംബരം പുറത്തിറക്കി. മലയാളികളുടെ ക്രിക്കറ്റ് ആവേശം വാനോളം ഉയര്‍ത്തുവാന്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പരസ്യ ചിത്രത്തിന് സാധ്യമാകുമെന്നും ക്രിക്കറ്റിന്റെ പോരാട്ടവീര്യം പ്രകടമാകുന്ന സോണിക് മ്യൂസിക്കും കെസിഎല്ലിന്റെ മുഖമുദ്രയാണെന്നും മിനു ചിദംബരം പറഞ്ഞു. നടന്‍ നന്ദു കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന മറ്റൊരു പരസ്യ ചിത്രത്തിന്റെ പ്രകാശനം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍ എം.ബി നിര്‍വഹിച്ചു. ചടങ്ങില്‍ നിര്‍മാതാവ് സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എം.ബി, നടന്‍ നന്ദു എന്നിവരെ കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് ജനറല്‍ ( സി ആന്‍ഡ് എ.ജി) മുഹമ്മദ് ദാനിഷ് കെ, സി.എഫ്.ഒ മിനു ചിദംബരം എന്നിവര്‍ ആദരിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ മനോജ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Kerala cricket excitement at its peak :KCL releases ad film and sonic music