ന്യൂയോർക്ക് : സനാതന ധർമ്മ പ്രചരണാർത്ഥം രണ്ടരപ്പതിറ്റാണ്ടായി വടക്കേ അമേരിക്കയിലും കാനഡയിലും പ്രവർത്തിച്ചുവരുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ)യുടെ രജതജൂബിലി ആഘോഷങ്ങളും ലോക ഹൈന്ദവ സമ്മേളനവും വൻ വിജയമാക്കിത്തീർത്തതിന് പ്രസിഡന്റ് ഡോ. നിഷ പിള്ള ഏവർക്കും നന്ദി അറിയിച്ചു. അറ്റ്‌ലാന്റിക് സിറ്റിയിലെ എം.ജി.എം.റിസോർട്‌സ് ഇന്റർനാഷണലിൽ ഓഗസ്റ്റ് 17 മുതൽ 19 വരെയായിരുന്നു ഈ ത്രിദിന സംഗമം.
ജനറൽ സെക്രട്ടറി മധു ചെറിയേടത്ത്, ട്രഷറർ രഘുവരൻ നായർ, കൺവെൻഷൻ ചെയർമാൻ സുനിൽ പൈങ്കോൽ, മറ്റ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. നിഷ പിള്ള പറഞ്ഞു. ടി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിക്ക് അവർ എല്ലാ ഭാവുകങ്ങളും നേർന്നു.

ഹൈന്ദവ ആചാര്യന്മാർ, സാംസ്‌കാരിക നായകർ, കലാസാഹിത്യ മാധ്യമ ബിസിനസ് രംഗങ്ങളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ കൺവെൻഷനിൽ 500-ൽ പരം കുടുംബങ്ങളിൽ നിന്ന് 2000-ത്തിൽ പരം അംഗങ്ങൾ ‘വിരാട് 25’ പതാകക്ക് കീഴിൽ അണിനിരന്നു. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കു പുറമെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം വിശിഷ്ടാതിഥികളും പങ്കെടുത്തു. മീനാക്ഷി ലേഖി, ജഡ്ജ് രാജരാജേശ്വരി, സിബു നായർ, ജെ. നന്ദകുമാർ, അഡ്വ. ജയശങ്കർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. മാതാ അമൃതാനന്ദമയി അമ്മ ഓൺലൈൻ വഴി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി അമൃതസ്വരൂപാനന്ദ പുരി ആചാര്യോപദേശം നൽകി.

കേരളത്തിന്റെ തനത് കലകൾക്ക് വേദി: കേരളത്തിന്റെ തനത് കലകൾ അമേരിക്കയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ ഫോക്‌ലാൻഡ് ഇന്റർനാഷണൽ ടീം കളരിപ്പയറ്റ്, ഗുരുവായൂർ ഉറിയടി, കാവിലാട്ടം, തെയ്യം, ഗരുഡൻ പറവ, തീയാട്ട്, മുടിയേറ്റ് തുടങ്ങിയ നിരവധി പരിപാടികൾ അവതരിപ്പിച്ചു. കഥകളി, മേളം പോലുള്ള ക്ഷേത്രകലകൾക്കും പ്രാധാന്യം നൽകിയത് ശ്രദ്ധേയമായി. നൂറുപേരുടെ താലപ്പൊലിയും മുത്തുക്കുടയുമൊക്കെയായി നാട്ടിലെ പൂരത്തിന്റെ പ്രതീതി ജനിപ്പിച്ച ഘോഷയാത്രയും കണ്ണിന് കുളിരേകി. കെ.എച്ച്.എൻ.എ പ്രസിഡന്റ് ഡോ. നിഷ പിള്ളയും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ആചാര്യന്മാരെ സ്വീകരിച്ചു. സ്ഥാപക നേതാക്കളെയും മുൻ പ്രസിഡന്റുമാരെയും ആദരിച്ചു. പ്രച്ഛന്ന വേഷ മത്സരവും മെഗാതിരുവാതിരയും തുടർന്ന് അരങ്ങേറി. ‘വിരാട്’ എന്ന തീമിൽ അധിഷ്ഠിതമായ ‘സമഷ്ടി’ എന്ന നൃത്തനാടകവും നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടന്ന ‘കാശി’ എന്ന നൃത്തപരിപാടിയും കലാസ്വാദകരെ ആകർഷിച്ചു.
ആത്മീയ പരിപാടികൾ: സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗ്, സ്വാമി ചിതാനന്ദ പുരിയുടെ ആചാര്യോപദേശം, ആറ്റുകാൽ തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവൈശ്വര്യ പൂജ, ലളിതാ സഹസ്രനാമം, 3 കോടി മന്ത്രാർച്ചന സമർപ്പണം തുടങ്ങിയവ സംഘടനയിലെ ഓരോ അംഗങ്ങളിലും സനാതന ധർമ്മത്തിന്റെ ശക്തി ഊട്ടിയുറപ്പിച്ചു. ‘യൂത്ത് ഫോർ ട്രൂത്ത്’ എന്ന പേരിൽ വിശിഷ്ടാതിഥികളും യുവാക്കളുമായുള്ള ചോദ്യോത്തര സെഷൻ, കുട്ടികളുടെ സംശയങ്ങൾക്ക് ആചാര്യന്മാർ മറുപടി നൽകിയ ‘ലോലിപോപ്‌സ് വണ്ടർ’ സെഷൻ, ‘അരങ്ങ്’ യൂത്ത് ഫെസ്റ്റിവൽ, മാധ്യമ സെമിനാർ, യൂത്ത് ഫോറത്തിന്റെ കായിക പരിപാടി, ബിസിനസ് സെമിനാർ, രമേശ് നാരായണനും മധുശ്രീയും അവതരിപ്പിച്ച ‘മൃദുമൽഹാർ’ എന്ന ഹിന്ദുസ്ഥാനി സംഗീതപരിപാടി എന്നിവയും ആകർഷകമായിരുന്നു. മാധ്യമ സെമിനാറിൽ മാധ്യമപ്രതിനിധികളും അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട മലയാളി ഉദ്യോഗസ്ഥനായ പ്രീനു നായരും പങ്കെടുത്തു.

ചില പരിപാടികൾ: കാലിഫോർണിയ ടീമിന്റെ ‘ഛായാമുഖി’, മിഷിഗൺ ടീമിന്റെ ‘കാളിയൻ ചാത്തൻ’ തുടങ്ങിയ പരിപാടികളും കൺവെൻഷനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. സംവിധായകൻ ഹരിഹരന്റെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി നൈറ്റിൽ നരെയ്ൻ, ശാന്തികൃഷ്ണ, അഭിലാഷ് പിള്ള തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ഡി.ജെ നൈറ്റ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു. യോഗ, പൂജ, ഭജൻ, ഭക്തി മഞ്ജരി, മെഗാ മോഹിനിയാട്ടം, ‘സ്ത്രീശക്തിയെ’ അടിസ്ഥാനമാക്കിയുള്ള ഫാഷൻ ഷോ ‘ലീല’, സൗത്ത് ഫ്‌ലോറിഡ ടീമിന്റെ ‘വൈശാലി’, മാട്രിമോണിയൽ നെറ്റ്വർക്കിങ്, ജാനകി രംഗരാജന്റെ ഭരതനാട്യം, ലിറ്റററി ഫോറം, ഹെൽത്ത് സെമിനാർ, പ്രൊഫഷണൽ ഫോറം, തനിമ, സൂംബ ഡാൻസ് തുടങ്ങി നിരവധി പരിപാടികൾ രണ്ടാം ദിവസവും മൂന്നാം ദിവസവുമായി അരങ്ങേറി. 1500 പേർക്ക് ഇലയിൽ വിളമ്പിയ പഴയിടം സ്പെഷ്യൽ സദ്യയും ശ്രദ്ധേയമായി.
സമാപനം: സമാപന സമ്മേളനത്തിന് ശേഷം അഗം ബാൻഡ് അവതരിപ്പിച്ച പ്രത്യേക പരിപാടി യുവാക്കളെ ആവേശം കൊള്ളിച്ചു. പാട്ടിനൊപ്പം അവരെക്കൊണ്ട് നൃത്തം ചെയ്യിക്കാൻ സാധിച്ചത് കെ.എച്ച്.എൻ.എക്ക് ഒരു നവ്യാനുഭവമായി. രജതജൂബിലി വർഷത്തിൽ സംഘടനയിൽ യുവാക്കളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് ഡോ. നിഷ പിള്ള സമാപന പ്രസംഗത്തിൽ പറഞ്ഞു. നേതൃസ്ഥാനത്തേക്ക് കൂടുതൽ യുവാക്കൾ കടന്നുവരുന്നതിൽ സന്തോഷമുണ്ടെന്നും നിറഞ്ഞ മനസ്സോടെയാണ് പടിയിറങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ ടീമിന് എല്ലാ ആശംസകളും നേർന്നാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. കൺവെൻഷനിൽ പങ്കെടുത്തവർ ബാപ്‌സ് ക്ഷേത്രത്തിലേക്ക് ഒരു യാത്രയും നടത്തി.
Kerala Hindus of North America (KHNA) Silver Jubilee Celebrations and World Hindu Conference a Huge Success