കേരളം ഓണത്തിരക്കിലേക്ക്: കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളം ഓണത്തിരക്കിലേക്ക്: കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളം ഇനി ഓണത്തിരക്കിലേക്ക കടക്കുന്നു. പൊന്നോണത്തെ വരവേല്ക്കാനായുള്ള തിരക്കിലാണ് നാടും നഗരവും. സര്‍ക്കാര്‍ തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്യുവില്‍ ഇന്ന്  വൈകുന്നേരം മഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ആന്റണി രാജു എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ നാലുവരെ 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതു വിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

കേരളത്തിലെ വിവിധ സഹകരണ സംഘങ്ങള്‍ കേരകര്‍ഷകരില്‍നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്‍പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളി ലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ലഭിക്കും. അതോടൊപ്പം തേയില, ആട്ട, മൈദ, റവ, അരിപൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവയും ബിരിയാണി അരി, ശര്‍ക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും.

നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള പ്രത്യേക ഏജന്‍സി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളില്‍ വിപണനത്തിന് എത്തിക്കുന്നത്. ജില്ലയിലെ പൂജപ്പുര, വെഞ്ഞാറമൂട് ഗോഡൗണുകളില്‍ നിന്നുമാണ് സാധനങ്ങള്‍ ഓണചന്തകളില്‍ എത്തിക്കുന്നത്. ഒരുദിവസം 75 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങള്‍ ഓണച്ചന്തകളില്‍നിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാന്‍ സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ 15 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും പൊതുമാര്‍ക്കറ്റിനേക്കാള്‍ വിലകുറച്ച് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കും.

Kerala set for Onam rush: Chief Minister to inaugurate ConsumerFed Onam market

Share Email
Top