സംസ്ഥാനത്ത് 2026 മാർച്ച് അവസാനത്തോടെ 3 ലക്ഷം കെ-ഫോൺ ഇന്റർനെറ്റ് കണക്ഷനുകൾ ലക്ഷ്യമിട്ടു മുന്നേറുകയാണ് സർക്കാർ. നിലവിൽ 1.13 ലക്ഷം ഉപഭോക്താക്കളാണ് പദ്ധതിയിലുണ്ടായത്. ഇതിനകം 23,163 സർക്കാർ ഓഫീസുകൾ, 73,070 വീടുകൾ ഉൾപ്പെടെ 14,194 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 3,032 എന്റർപ്രൈസ് കണക്ഷനുകളും നൽകിയിട്ടുണ്ട്.
ഒരു വർഷമായി നിയമസഭയിലും, ഒന്നര വർഷമായി സെക്രട്ടേറിയറ്റിലും കെ-ഫോൺ കണക്ഷനുകൾ ഉപയോഗത്തിലുണ്ട്.
ദേശീയതലത്തിൽ നേട്ടം
രാജ്യത്തെ 10,000-ത്തിലധികം കണക്ഷനുകളുള്ള 108 ഇന്റർനെറ്റ് സേവനദാതാക്കൾക്കിടയിൽ, നാൽപതാം സ്ഥാനത്തേക്ക് കെ-ഫോണിന് ഉയരാൻ കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
66 കോടി രൂപ ആയിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം, ഇതിൽ 34 കോടി സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കാനുള്ളതാണ്. 20 കോടി രൂപയുടെ പ്രവർത്തന ലാഭം കൈവരിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തിക വർഷം 175 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം.
ആദിവാസി മേഖലകളിലേക്കും എത്തുന്നു
‘കണക്ടിങ് ദി അൺകണക്ടഡ്’ പദ്ധതിയിലൂടെ 4,600 ആദിവാസി ഉന്നതികൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് ലക്ഷ്യം. ഇതിനായി 70,000 കണക്ഷനുകൾ ആസൂത്രിതമാണ്. ആദ്യഘട്ടത്തിൽ അട്ടപ്പാടി, കോട്ടൂർ, പന്തലാടിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ 500 കണക്ഷനുകൾ നൽകിയിട്ടുണ്ട്.
സേവനം എങ്ങനെ നേടാം?
KFON ആപ്പ് (EnteKFON)
വെബ്സൈറ്റ്: www.kfon.in
ടോൾ ഫ്രീ നമ്പർ: 18005704466
കേബിൾ ടിവി ഓപ്പറേറ്റർമാർ മുഖേനയും സേവനം ലഭ്യമാണ്
299 രൂപ മുതൽ വിവിധ പ്ലാനുകൾ
ഒടിടി സേവനം ഉടൻ
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒടിടി പാക്കേജും ഉടൻ അവതരിപ്പിക്കും. 28 ഒടിടി പ്ലാറ്റ്‌ഫോമുകളും, 350-ഓളം ചാനലുകളും അടങ്ങിയ പാക്കേജ് ഒരു മാസത്തിനകം ലഭ്യമാകും.
JioCinema, Disney+ Hotstar, SonyLIV, Amazon Prime Video, Sun NXT തുടങ്ങിയ ഓടിടികൾ പാക്കേജിൽ ഉണ്ടാകും.
KFON Connections to Reach Three Lakh; Government Launches New Initiatives