മയാമി: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അമേരിക്കൻ മലയാളി കത്തോലിക്കാ ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന വൈദിക മഹാസംഗമം 2025 നവംബർ 18, 19 തീയതികളിൽ സൗത്ത് ഫ്ലോറിഡയിലെ മയാമിയിൽ നടക്കും. മയാമി നഗരാതിർത്തിയിൽ നിലകൊള്ളുന്ന ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ‘മലയാളി പ്രീസ്റ്റ് കോയ്‌നോനിയ’ (Koinonia) എന്ന പേരിൽ ഈ വൈദിക സമ്മേളനം സംഘടിപ്പിക്കുന്നത്. ‘കോയ്‌നോനിയ’ എന്ന ഗ്രീക്ക് പദത്തിന് ‘ഒരുമ, കൂട്ടായ്മ, സൗഹൃദം, പങ്കിടൽ’ എന്നൊക്കെയാണ് അർത്ഥം.
ഈ അപൂർവ സമ്മേളനത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലും വിവിധ കോൺഗ്രിഗേഷനുകളിലും സന്യാസസഭകളിലും പ്രവർത്തിക്കുന്ന അഞ്ഞൂറിലധികം മലയാളി കത്തോലിക്കാ വൈദികർ ഒരുമിച്ചു ചേരും.
ഈ ആത്മീയ സമ്മേളനത്തിന്റെ വിജയത്തിനായി മയാമി ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിലെ വിശ്വാസി സമൂഹം ഒത്തുചേർന്ന് ക്രമീകരണങ്ങൾ നടത്തിവരുന്നു. ഷിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് രക്ഷാധികാരിയും, വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറം സഹരക്ഷാധികാരിയും, ഫൊറോനാ വികാരി ഫാ. ജോഷി ഇളംബാശ്ശേരി ചെയർമാനും, ജോഷി ജോസഫ് ജനറൽ കൺവീനറുമായി 30-ൽ അധികം കമ്മിറ്റി ചെയർമാന്മാരും, കൈക്കാരന്മാരും, കമ്മിറ്റി അംഗങ്ങളുമടങ്ങിയ വിപുലമായ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിന്റെയും, അമേരിക്കൻ ബിഷപ്പ് കൗൺസിൽ അംഗങ്ങളുടെയും, മയാമി ആർച്ച് ബിഷപ്പിന്റെയും, പാം ബീച്ച് ബിഷപ്പിന്റെയും സാന്നിധ്യം സമ്മേളനത്തിലുണ്ടാകും.
സംഗമത്തിന്റെ ചെയർമാൻ റവ. ഫാ. ജോഷി ഇളംബാശ്ശേരിയും ഫിനാൻസ് കമ്മിറ്റിയും ചേർന്നാണ് കിക്ക് ഓഫിന് നേതൃത്വം നൽകിയത്.
Kick-off of the great gathering of Malayali Catholic priests in Miami