പ്യോങ്യാങ്: രാജ്യത്തിന്റെ ആണവായുധ ശേഷി ദ്രുതഗതിയില്‍ വികസിപ്പിക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്. ഒരു യുദ്ധത്തിന് തിരികൊളുത്താന്‍ സാധ്യതയുള്ള യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കിം ഇത്തരത്തില്‍ ഒരു ആഹ്വാനം പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് വിവരം. തിങ്കളാഴ്ച ചോ ഹ്യോന്‍ എന്ന നാവിക യുദ്ധക്കപ്പല്‍ സന്ദര്‍ശിച്ച് അതിലെ ആയുധ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സ്വീകരിക്കവെയാണ് കിം ഈ പരാമര്‍ശം നടത്തിയത്.
‘യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള തീവ്രമായ സൈനികബന്ധവും ശക്തിപ്രകടനവും ഒരു യുദ്ധം തുടങ്ങാനുള്ള ഏറ്റവും വ്യക്തമായ സൂചനയാണ്. ഈ സാഹചര്യം, നിലവിലുള്ള സൈനിക സിദ്ധാന്തത്തിലും പ്രയോഗത്തിലും സമൂലവും വേഗത്തിലുള്ളതുമായ മാറ്റം വരുത്താനും ആണവവല്‍ക്കരണം ദ്രുതഗതിയില്‍ വികസിപ്പിക്കാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു’ എന്ന് കിമ്മിനെ ഉദ്ധരിച്ച് ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
നാവികസേനയെ ഹൈടെക്കായും ആണവ സജ്ജീകരണങ്ങളോടെയും മാറ്റുന്നതിനുള്ള പ്രധാന ദൗത്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതില്‍ കിം സംതൃപ്തി പ്രകടിപ്പിച്ചതായി കെസിഎന്‍എ അറിയിച്ചു. ആണവായുധങ്ങളുള്ള ഉത്തര കൊറിയയില്‍ നിന്നുള്ള സാധ്യമായ ഭീഷണികളെ നേരിടാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ദക്ഷിണ കൊറിയയും തിങ്കളാഴ്ച വാര്‍ഷിക സംയുക്ത സൈനികാഭ്യാസം ആരംഭിച്ചിരുന്നു. ഇതിനെ, ഒരു പ്രതിരോധ അഭ്യാസം എന്നാണ് യുഎസ് ആര്‍മി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ അഭ്യാസങ്ങളില്‍ വലിയ തോതിലുള്ള ലൈവ്-ഫയര്‍ പരിശീലന പരിപാടികള്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉത്തര കൊറിയയുടെ രാഷ്ട്രീയ വ്യവസ്ഥയെ ബഹുമാനിക്കുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ് പറഞ്ഞിരുന്നു. മുന്‍ഗാമിയുടെ കടുത്ത നിലപാടില്‍നിന്ന് വ്യത്യസ്തമായി, ജൂണിലെ തിരഞ്ഞെടുപ്പിന് ശേഷം മുന്‍വ്യവസ്ഥകളില്ലാതെ ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ലീ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ താല്‍പ്പര്യമില്ലെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ലീ ജെ മ്യുങ്ങിന്റെ പ്രസ്താവന. ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് തന്റെ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്ക് സമീപം ഉത്തര കൊറിയ സ്ഥാപിച്ചിട്ടുള്ള പ്രൊപ്പഗണ്ട ലൗഡ്സ്പീക്കറുകള്‍ നീക്കം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളും അവര്‍ നിഷേധിച്ചു.
Kim Jong Un orders country to boost nuclear weapons capabilities