വിനിപെഗ് ∙ കാനഡയിലെ മാനിറ്റോബയിലുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയായ ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് മാനിറ്റോബ (കെ.സി.എ.എം) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം, നോർത്ത് അമേരിക്കൻ ക്നാനായ സംഘടനകളുടെ കൂട്ടായ്മയായ കെ.സി.സി.എൻ.എ–യിൽ കെ.സി.എ.എമ്മിന് അംഗത്വം ലഭിച്ചതിന്റെ ആഘോഷവും നടന്നു. വിനിപെഗിലെ സെന്റ് ആൻഡ്രൂസ് റിവർ ഹൈറ്റ്‌സ് പള്ളി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ, കെ.സി.സി.എൻ.എ.യുടെ മുൻ പ്രസിഡന്റ് ഷാജി എടാട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
കെ.സി.എ.എം. പ്രസിഡന്റ് ബിജി കൈപ്പാറേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ.സി.എ.എം. ട്രഷററും പ്രധാന സ്പോൺസറുമായ തോമസ്കുട്ടി കുപ്പേനാനിക്കൽ സ്വാഗതം ആശംസിച്ചു. കാൽഗറി ക്നാനായ അസോസിയേഷൻ പ്രസിഡന്റ് തോമസ് മുണ്ടക്കൽ, കെ.സി.സി.എൻ.എ അഡ്വൈസറി കമ്മിറ്റി അംഗം സെലിൻ ചാരത്ത് എന്നിവർ ആശംസകൾ നേർന്നു. കെ.സി.എ.എം. എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് ജെറിൻ പടുക്കാച്ചീയിൽ നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, കെ.സി.എ.എം. ലോഗോയുടെ പ്രകാശനവും ഷാജി എടാട്ട് നിർവഹിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടത്തിയ മത്സരത്തിൽനിന്ന് എഡ്വിൻ ജിജു നന്ദികാട്ട് രൂപകൽപന ചെയ്ത ലോഗോയാണ് സംഘടനയുടെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏതാനും കുടുംബങ്ങൾ ചേർന്ന് ആരംഭിച്ച ഈ കൂട്ടായ്മയിൽ ഇന്ന് 40-ൽ അധികം കുടുംബങ്ങളും നൂറോളം അംഗങ്ങളുമുണ്ട്.
സമ്മേളനത്തിനുശേഷം കെ.സി.എ.എം. അംഗങ്ങളായ എഴുപതോളം കലാകാരന്മാർ പങ്കെടുത്ത ഒന്നര മണിക്കൂർ നീണ്ട കലാസന്ധ്യ അരങ്ങേറി. മാർഗംകളി, പുരാതനപ്പാട്ട്, ചെണ്ടമേളം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പ്രസിഡന്റ് ബിജി കൈപ്പാറേട്ട്, സെക്രട്ടറി റോണി കൊച്ചേരിൽ, വൈസ് പ്രസിഡന്റ് ജിജു നന്ദികാട്ട്, ട്രഷറർ തോമസ്കുട്ടി കുപ്പേനാനിക്കൽ, ജെറിൻ കുഴിപറമ്പിൽ, ബിഫി ആൽവിൻ തലക്കൽ, ജെറിൻ പടുക്കാച്ചീയിൽ എന്നിവർ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളും ജോണി കേളച്ചാൻകുന്നേൽ, മേരി ജോസഫ് കുഴിപറമ്പിൽ, ജോബി കളത്തൂപ്പറമ്പിൽ, സ്റ്റീഫൻ കൈപ്പാറേട്ട്, സിലി ജിജു നന്ദികാട്ട് എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി. കാനഡയിലെ ആദ്യകാല ക്നാനായ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നായ വിനിപെഗിൽ, ‘ക്നാ കൂട്ട്’ എന്ന പേരിൽ പത്തുവർഷത്തിലേറെയായി ഈ കൂട്ടായ്മ പ്രവർത്തിച്ചുവരികയായിരുന്നു.
Knanaya Catholic Association of Manitoba (KCAM) inaugurated