600 വർഷത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; റഷ്യയിലെ ഭൂകമ്പത്തിന് കാരണം ഇതോ?

600 വർഷത്തിന് ശേഷം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; റഷ്യയിലെ ഭൂകമ്പത്തിന് കാരണം ഇതോ?

മോസ്‌കോ: ദിവസങ്ങൾക്ക് മുമ്പ് റഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന് കാരണം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതാകാമെന്ന് വിലയിരുത്തൽ. 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ദിവസങ്ങൾക്ക് മുൻപ് റഷ്യയിലുണ്ടായത്. പിന്നാലെ സുനാമി മുന്നറിയിപ്പും നൽകി. റഷ്യയിലെ സെവെറോ-കുറിൽസ്ക് മേഖലയിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

കംചട്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചതിന്റെ ഫലമാകാം റഷ്യയിൽ ശക്തമായ ഭൂചലനം ഉണ്ടായതെന്ന് റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും ശാസ്ത്രജ്ഞരും പറയുന്നു. ഒറ്റരാത്രികൊണ്ട് അതിശക്തമായ രീതിയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിലാകാം തീവ്രതയേറിയ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് ഗവേഷകർ പറയുന്നത്. 600 വർഷങ്ങൾക്ക് ശേഷമാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത്.

അഗ്നിപർവ്വത സ്‌ഫോടനം റഷ്യയുടെ ഫാർ ഈസ്റ്റിൽ ഉണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞതായി റഷ്യയുടെ ആർ.ഐ.എ. സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

600 വർഷത്തിന് ശേഷമാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതെന്ന് വിദഗ്ധ സംഘത്തിന്റെ തലവനായ ഓൾഗ ഗിരിന പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കംചട്ക ഉപദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമായ ക്ല്യൂചെവ്‌സ്കോയ് പൊട്ടിത്തെറിച്ചതായും അവർ കൂട്ടിച്ചേർത്തു. ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ന്യൂസിലൻഡ് എന്നിവയുൾപ്പെടെ പസഫിക് സമുദ്രത്തിൽ സുനാമി മുന്നറിയിപ്പുകൾ നൽകിയിരുന്നു. വിവിധ ഭാഗങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കുകയും ചെയ്തു.

അഗ്നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് 6,000 മീറ്റർ (3.7 മൈൽ) ഉയരത്തിൽ ചാരനിറത്തിലുള്ള പുക പ്രദേശത്താകെ പടർന്നതായി റഷ്യയുടെ അടിയന്തര സേവന മന്ത്രാലയം സ്ഥിരീകരിച്ചു. 1,856 മീറ്റർ ഉയരത്തിലാണ് ഈ അഗ്നിപർവ്വതം. രാജ്യത്തെ നടുക്കിയ അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് തുടരുകയാണ്. വിമാന സർവീസിനെയടക്കം സാഹചര്യം ബാധിക്കുന്നുണ്ട്.

അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെയുണ്ടായ ശക്തമായ പുക കിഴക്കോട്ട് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയെന്നും ഈ ഭാഗത്ത് വലിയ തോതിലുള്ള ജനവാസ മേഖലകളൊന്നുമില്ലെന്നും റഷ്യൻ മന്ത്രാലയം ടെലിഗ്രാമിലൂടെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ക്രാഷെനിന്നിക്കോവിൽ അവസാനമായി അഗ്നിപർവ്വത സ്‌ഫോടനം രേഖപ്പെടുത്തിയത് 1463-ൽ ആണെന്നും അതിനുശേഷം ലാവാ പ്രവാഹം നടന്നിട്ടില്ലെന്നും അധികൃതർ പറയുന്നു.

Krasheninnikov volcano eruption suspected to be behind Russia earthquake

Share Email
Top