തൃശൂർ: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരിഹസിച്ച് കെഎസ്‌യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനു ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്ന പരിഹാസമടക്കം പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ സുരേഷ് ഗോപി മൗനം പാലിച്ചതിനെതിരെ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കെഎസ്‌യു തൃശൂർ ജില്ലാ അധ്യക്ഷൻ സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരിക്കുന്നത്.
പരാതിയിൽ, സുരേഷ് ഗോപിയുടെ അപ്രത്യക്ഷത സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണമെന്ന് ഗോകുൽ ഗുരുവായൂർ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ നിലപാട് വിവാദമായതിനാൽ, ഈ പരാതി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കാനിടയുണ്ട്. പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഗോകുൽ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസും കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്നാണ് മാർ യൂഹാനോൻ മിലിത്തോസ് പരിഹാസവും വിമർശനവും നടത്തിയത്. ‘ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലെക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണമോ എന്ന ആശങ്ക!’ – എന്നായിരുന്നു തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.