കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 40 ആയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ എംബസി ഏകോപനം നടത്തുന്നുണ്ട്.
വിഷയത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഉദ്യോഗസ്ഥരും വിവിധ ആശുപത്രികൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടതായാണ് സൂചന. എന്നാൽ, മരണപ്പെട്ടവരുടെ രാജ്യം, മറ്റ് വിവരങ്ങൾ എന്നിവ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി എംബസി ഒരു ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്കായി +965-65501587 എന്ന നമ്പറിൽ വാട്സാപ്പിലോ റെഗുലർ കോളിലോ ബന്ധപ്പെടാവുന്നതാണ്.
പ്രാദേശികമായി നിർമിച്ച മെഥനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതൽ 63 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 13 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരകളെല്ലാം ഏഷ്യൻ പൗരന്മാരാണ്. നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 31 കേസുകളിൽ സി.പി.ആർ ചികിത്സ നൽകി. 51 പേർ അടിയന്തര ഡയാലിസിസിന് വിധേയരായി. 21 പേർക്ക് സ്ഥിരമായോ താൽക്കാലികമായോ കാഴ്ച നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പ്രാദേശിക ആശുപത്രികളും സുരക്ഷാ വകുപ്പുകളും തമ്മിൽ ഏകോപനം തുടരുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.