കൊച്ചിയിൽ ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മൂന്നാം പ്രതി, ഒളിവില്‍

കൊച്ചിയിൽ ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മൂന്നാം പ്രതി, ഒളിവില്‍

കൊച്ചി: ബാറിലെ തര്‍ക്കത്തിന് പിറകെ ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉള്‍പ്പെട്ടതായി കണ്ടെത്തല്‍. ഇതിന്റെ വീഡിയോ തെളിവുകളടക്കം പോലീസ് ശേഖരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസില്‍ നടിയെ മൂന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിൽ പ്രതിയായതോടെ നടി ഒളിവിലാണ്.

റോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ ബലമായി ഇറക്കി കൊണ്ടുപോയി. ശേഷം മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.

ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നത്. കേസെടുത്തതിന് പിന്നാലെ നടി ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും മര്‍ദനവും.

Share Email
LATEST
Top