മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരുന്നത് നമ്മെ നല്ല വ്യക്തിയാക്കുന്നതിനൊപ്പം മാനസികാരോഗ്യത്തിനും ഉത്തമമാണ്. പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടേത് താരതമ്യം ചെയ്യുമ്പോൾ നമുക്ക് നിരാശയും അസൂയയും തോന്നാറുണ്ട്. ഈ ചിന്താഗതി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
മത്സരം അവസാനിപ്പിക്കുക
ജീവിതം ഒരു മത്സരമാണെന്ന ചിന്താഗതി, ചെറുപ്പം മുതൽ രക്ഷിതാക്കളും സമൂഹവും നമ്മളിൽ വളർത്തിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഇത് കൂടുതൽ ശക്തിപ്പെട്ടു. മികച്ച ജോലി, വലിയ വീട്, വിലകൂടിയ കാർ, കൂടുതൽ ഫോളോവേഴ്സ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുമ്പോൾ അത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു. ഈ മത്സരബുദ്ധി ഉപേക്ഷിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം.
നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കുചേരാൻ ഏറ്റവും നല്ല വഴി നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക എന്നതാണ്. ഓരോ ദിവസവും നിങ്ങൾക്ക് കൃതജ്ഞത തോന്നുന്ന അഞ്ച് കാര്യങ്ങളും അതിനുള്ള കാരണങ്ങളും എഴുതുക. ഇത് നിങ്ങളുടെ മനസ്സിനെ പോസിറ്റീവായി ചിന്തിക്കാൻ പഠിപ്പിക്കും. നമ്മുടെ ജീവിതത്തിൽ ഉള്ളതിന് നമ്മൾ വില കൽപ്പിക്കുമ്പോൾ സന്തോഷം അനുഭവപ്പെടുകയും, നമുക്ക് ചുറ്റുമുള്ളവരും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.
സമൂഹത്തിന്റെ സമയപരിധികളിൽ നിന്ന് സ്വയം മുക്തരാകുക
വിദ്യാഭ്യാസം, ജോലി, വിവാഹം, കുട്ടികൾ എന്നിങ്ങനെ എല്ലാത്തിനും സമൂഹം ചില സമയപരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഈ സമയപരിധികൾക്കനുസരിച്ച് ജീവിതം മുന്നോട്ട് പോകാത്തത് മാനസിക സമ്മർദ്ദത്തിനും നിരാശയ്ക്കും കാരണമാകും. മറ്റുള്ളവർ ഈ ഘട്ടങ്ങൾ എളുപ്പത്തിൽ പിന്നിടുമ്പോൾ, അത് നമ്മളിൽ അസൂയക്ക് വഴിതെളിച്ചേക്കാം. ഈ സമയപരിധികളിൽ നിന്ന് സ്വയം മുക്തരാകുന്നത് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
പ്രചോദനം കണ്ടെത്തുക
മറ്റുള്ളവരുടെ വിജയം പ്രചോദനമായി എടുക്കുക. അവർക്ക് അത് നേടാൻ കഴിഞ്ഞെങ്കിൽ നിങ്ങൾക്കും അതിന് കഴിയും എന്ന് വിശ്വസിക്കുക. നിങ്ങൾക്ക് വേണ്ടിയും നല്ല കാര്യങ്ങൾ ഭാവിയിൽ സംഭവിച്ചു വെച്ചിട്ടുണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുക. ‘എന്റെ ജീവിതം ഒരിക്കലും അത്തരത്തിലായിരിക്കില്ല’ എന്ന് ചിന്തിക്കുന്നത് ഒരു പ്രയോജനവും ചെയ്യില്ല.
ഇതിഹാസമായ സ്റ്റീവ് ജോബ്‌സ് പറഞ്ഞതുപോലെ, “നിങ്ങളുടെ ജീവിതത്തിൽ മുന്നോട്ട് നോക്കി നിങ്ങൾക്ക് ഡോട്ടുകളെ യോജിപ്പിക്കാനാവില്ല, പിന്തിരിഞ്ഞുനോക്കുമ്പോൾ മാത്രമേ അവയെ ബന്ധിപ്പിക്കാനാവൂ. അതുകൊണ്ട് ഭാവിയിൽ ആ ഡോട്ടുകളെ എങ്ങനെയെങ്കിലും ബന്ധിപ്പിക്കാനാകുമെന്ന് നിങ്ങൾ വിശ്വസിക്കണം. നിങ്ങളുടെ മനക്കരുത്ത്, വിധി, ജീവിതം, കർമം ഇങ്ങനെ എന്തിലെങ്കിലും നിങ്ങൾ വിശ്വസിക്കണം.”
മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷവാനായിരിക്കുക എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അതിന് സ്വയം പരിശീലിപ്പിക്കണം. “എന്റെ വിജയങ്ങളിൽ മറ്റുള്ളവർ സന്തോഷിക്കണം എന്നെനിക്ക് ആഗ്രഹമില്ലേ, അതോ അവർ എന്നോട് അസൂയപ്പെടണോ?” എന്ന ചോദ്യം സ്വയം ചോദിക്കുന്നത് ഇതിനായി നിങ്ങളെ സഹായിക്കും. ഈ സോഷ്യൽ മീഡിയ യുഗത്തിൽ ഇത് വളരെ പ്രധാനമാണ്.
Life is not a competition: some ways to find happiness and peace