കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മരിച്ച പത്തു ഇന്ത്യക്കാരിൽ ആറു പേർ മലയാളികളാണെന്ന് സൂചന. മരിച്ചവരിൽ കണ്ണൂർ ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിനും (31) ഉൾപ്പെടുന്നു. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ് സച്ചിൻ. സച്ചിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഭാര്യ: സിധിന, മകൾ: സിയ സച്ചിൻ.
വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെ 13 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 40 ഇന്ത്യക്കാർ ചികിത്സ തേടിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്ത രണ്ട് ഏഷ്യക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിലാണ് ദുരന്തമുണ്ടായത്. ചികിത്സ തേടിയവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ലേബർ ക്യാംപുകൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് വ്യാജമദ്യത്തിന്റെ വിതരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് രണ്ട് നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.
liquor tragedy in Kuwait: 6 out of 10 Indians who died were Malayalis, one was from Kannur