തിരുവനന്തപുരം: പൗരന്‍മാര്‍ക്കെതിരേ മാഫിയകള്‍ ഉപയോഗിക്കുന്ന കൂലിത്തല്ലുകാരെപ്പോലെയാണു ചില ഗവര്‍ണ്ണര്‍മാരെന്ന് പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശപ്രവര്‍ത്തകനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാര്‍ ഗാന്ധി. ‘സര്‍വ്വകലാശലകള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ദേശീയസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്ന് രണ്ടുതരം ഗവര്‍ണ്ണര്‍മാരുണ്ട്. ഒന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു വിടുന്നവര്‍. പോയി റിട്ടയര്‍മെന്റുജീവിതം ആസ്വദിക്കൂ എന്നു പറഞ്ഞാണ് അവരെ വിടുന്നത്. പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു വിടുന്നവരാണു രണ്ടാമത്തെ കൂട്ടര്‍. പോയി അവിടങ്ങളിലെ സര്‍ക്കാരുകളുടെ ഭരണം അസാദ്ധ്യമാക്കൂ എന്നു നിര്‍ദ്ദേശിച്ചു വിടുന്നവര്‍. അവരാണ് സൂപ്പര്‍ വൈസ് ചാന്‍സെലര്‍മാരായി പ്രവര്‍ത്തിച്ച് ഉന്നതവിദ്യാഭ്യാസം താറുമാറാക്കുന്നത്. ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം മെച്ചപ്പെടുത്തുക തുടങ്ങിയ കടമകള്‍ ഇക്കൂട്ടര്‍ മറക്കുകയാണ്.
ഇന്ത്യയില്‍ വിദ്യാസമ്പന്നരായ ഉപരിവര്‍ഗ്ഗം കൂടുതല്‍ യുക്തിഹീനരായി മാറുകയാണ്. വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന വ്യാജപ്രചാരണപരീക്ഷണങ്ങളുടെ ഇരകളാണവര്‍. ഹിന്ദുക്കള്‍ അപകടത്തിലാണെന്നും വൈകാതെ തുടച്ചുനീക്കപ്പെടുമെന്നും വളരെ ചിട്ടയായി വിശ്വസിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയശക്തികള്‍ ചെയ്യുന്ന ഏത് അതിക്രമത്തെയും ഭൂരിപക്ഷജനത പിന്താങ്ങുമെന്ന് അവര്‍ ഉറപ്പാക്കിയിരിക്കുന്നു.
ഇത് ന്യൂനപക്ഷങ്ങളുടെ വേട്ടയാടലിനു വഴിതെളിക്കുന്നു. യുക്തിചിന്ത ഇല്ലാതാക്കി അടിമവത്ക്കരിക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ഇവരെ ഇതിനു സഹായിക്കുന്നത്. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളും ആദിവാസികളും ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ ആരും ഉണ്ടായില്ല. ക്രിസ്ത്യന്‍ പുരോഹിതനും കുടുംബവും കൊലചെയ്യപ്പെട്ടപ്പോഴും ഇതായിരുന്നു സ്ഥിതി. മതപരിവര്‍ത്തനം ആരോപിച്ചാല്‍ ആരെയും ആക്രമിക്കാമെന്ന നില സൃഷ്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Local alternatives should be developed to enslaving education: Tushar Gandhi