ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ നിശ്ചയിച്ച് ബിജെപി. ഡൽഹിയിൽ ചേർന്ന എൻഡിഎ യോഗത്തിലാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ജെ.പി.നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും നഡ്ഡ പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓംപ്രകാശ് മാത്തൂർ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നീ ഒട്ടേറെ പേരുകൾ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.പി.രാധാകൃഷ്ണന് നറുക്കുവീണത്. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് സി.പി.രാധാകൃഷ്ണൻ.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ് നിലവിൽ മഹാരാഷ്ട്ര ഗവർണരായ സി.പി. രാധാകൃഷ്ണൻ (67). ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്. കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളാ ബിജെപിയുടെ ചുമതല വഹിച്ചിട്ടുണ്ട് (പ്രഭാരി). കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്രയുടെ ചുമതലയിലേക്കു മാറിയത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.
ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.
Maharashtra Governor C P Radhakrishnan is NDA’s Vice Presidential candidate