തിരുവനന്തപുരം: ദുരന്തമുഖങ്ങളിൽ സ്വയം പ്രവർത്തിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ഡ്രോൺ വികസിപ്പിച്ച് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിലെ ഗവേഷകനായ പി. ശ്രീരാജ്. ഭൂകമ്പം, പ്രളയം, തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങളിൽ മനുഷ്യനോ മൃഗമോ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഈ ഡ്രോൺ നിർദ്ദേശങ്ങളൊന്നുമില്ലാതെ കണ്ടെത്തും. വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുന്നതിനൊപ്പം അഞ്ച് കിലോഗ്രാം വരെ ഭാരമുള്ള ഫസ്റ്റ് എയ്ഡ് കിറ്റും വെള്ളവും എത്തിക്കാനും ഇതിന് കഴിയും.
തെർമൽ ക്യാമറ, ത്രീഡി മാപ്പിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഈ ഡ്രോണിൽ ഉപയോഗിച്ചിരിക്കുന്നത്. തെർമൽ ക്യാമറയെടുക്കുന്ന തത്സമയ ചിത്രങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുന്നതിനാൽ, പോലീസിനും ആംബുലൻസിനും അഗ്നിശമന സേനയ്ക്കും കൃത്യ സമയത്ത് സ്ഥലത്തെത്താൻ സാധിക്കും. ദുരന്തമേഖലകളുടെ ത്രീഡി മാപ്പുകൾ നിർമ്മിക്കാനും ഇതിന് ശേഷിയുണ്ട്.
നിലവിൽ ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് ഡ്രോൺ പ്രോഗ്രാം ചെയ്തിട്ടുള്ളതെങ്കിലും, ഭാവിയിൽ ഇത് കാർഷിക, വാണിജ്യ, സിവിൽ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കൃഷിയിടങ്ങളിലെ വിളകളുടെ വളർച്ച നിരീക്ഷിക്കുക, കീടങ്ങളുടെ ആക്രമണം കണ്ടെത്തുക, വളത്തിന്റെ ആവശ്യകത നിർണയിക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുക തുടങ്ങിയ കാര്യങ്ങൾക്കും ഈ ഡ്രോൺ പ്രയോജനപ്പെടുത്താനാകുമെന്ന് ശ്രീരാജ് വ്യക്തമാക്കി.
ഈ എ.ഐ. ഡ്രോണിന്റെ ഏകദേശ ഭാരം 20 കിലോഗ്രാമും, നിർമ്മാണ ചെലവ് 5 മുതൽ 8 ലക്ഷം രൂപ വരെയുമാണ്.
Malayali researcher develops AI drone to perform rescue operations in disaster areas