കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പിടിയിലായി. പേര് മാറ്റിപ്പറയുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
64 വയസ്സുള്ള യാത്രക്കാരിയെയാണ് ട്രെയിനിന്റെ വാതിലിലൂടെ തള്ളിയിട്ട് ബാഗുമായി ഇയാൾ കടന്നുകളഞ്ഞത്. കവർച്ചയ്ക്ക് ശേഷം പ്രതി മറ്റൊരു ട്രെയിനിൽ കയറി സംസ്ഥാനം വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്രാൻസിസ് റോഡിലെത്തിയപ്പോഴായിരുന്നു സംഭവം. തൃശ്ശൂർ തലോർ വൈക്കാടൻ അമ്മിണി (64) ആണ് മോഷണത്തിന് ഇരയായത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ, ട്രെയിനിന്റെ വാതിലിനടുത്ത് വെച്ച് മോഷ്ടാവ് വീട്ടമ്മയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
പിടിവലിക്കിടെ മോഷ്ടാവും ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണതായാണ് വിവരം. ശേഷം വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു. തലയ്ക്ക് പരിക്കേറ്റ അമ്മിണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.