റഷ്യയിൽ നിന്നുള്ള എണ്ണ യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ചുവിറ്റ് ചെെന ലാഭം നേടുന്നു: ആരോപണവുമായി മാർക്കോ റൂബിയോ

റഷ്യയിൽ നിന്നുള്ള എണ്ണ യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ചുവിറ്റ് ചെെന ലാഭം നേടുന്നു: ആരോപണവുമായി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈന അത് യൂറോപ്യൻ രാജ്യങ്ങൾക്ക് മറിച്ചുവിറ്റ് ലാഭം നേടുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നിട്ടും, ചൈനയ്ക്കെതിരെ എന്തുകൊണ്ട് ട്രംപ് നടപടിയെടുക്കില്ലെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ‌ റൂബിയോയുടെ മറുപടി ഇങ്ങനെ ‘‘അതു പിന്നെ… ചൈന ആ എണ്ണ വാങ്ങി സംസ്കരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുകയാണ്. ചൈനയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയാൽ രാജ്യാന്തര എണ്ണ വില കൂടാൻ അതിടവരുത്തും. അത് യൂറോപ്യൻ രാജ്യങ്ങൾക്ക് തിരിച്ചടിയാകും. യൂറോപ്യൻ രാജ്യങ്ങൾ അത് ആഗ്രഹിക്കുന്നില്ല’’.

എന്നിട്ടെന്തേ ഇന്ത്യയ്ക്കെതിരെ നടപടി എടുത്തു എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ ‘‘ഇന്ത്യ വലിയതോതിൽ ഊർജ ആവശ്യകതയുള്ള രാജ്യമാണ്. പക്ഷേ, അവർ ദൗർഭാഗ്യകരമെന്നോണം വാങ്ങുന്നത് റഷ്യൻ എണ്ണയാണ്. യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് ഇതുവഴി ഇന്ത്യ. അമേരിക്കയ്ക്ക് അത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്’’. ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി 25% കൂടി പ്രഖ്യാപിച്ച് മൊത്തം തീരുവ 50% ആക്കിയിരുന്നു.

ചൈനയ്ക്കെതിരെ അധിക തീരുവയോ പിഴയോ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, വ്യാപാരക്കരാറിൽ തുടർ ചർച്ചകൾക്കായി 90 ദിവസത്തെ സാവകാശവും അനുവദിച്ചു. റഷ്യൻ എണ്ണ ചൈന വഴി വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ അപ്പോൾ‌ നടപടി എടുക്കുന്നില്ലേ എന്നും റൂബിയോയോട് മാധ്യമങ്ങളുടെ ചോദ്യമുണ്ടായി. മറുപടി നോക്കാം – ‘‘അതേക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, അധിക തീരുവ പ്രഖ്യാപിച്ചാൽ അതിനു വലിയ പ്രതിഫലനങ്ങളുണ്ടാകും. ഈ പ്രതിസന്ധി പരിഹരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തന്നെ ശ്രമിക്കുമെന്ന് കരുതുന്നു’’.

നേരത്തേ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ഏർപ്പെടുത്തുന്നത് യുഎസ് ആലോചിച്ചിരുന്നു. രാജ്യന്തര എണ്ണവില കുത്തനെ കൂടുമെന്നതിനാൽ അത് യൂറോപ്പിന് തിരിച്ചടിയാകും. യൂറോപ്യൻ രാഷ്ട്രങ്ങൾ അമേരിക്കയുടെ ആ നീക്കത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. അതേസമയം, ഇന്ത്യ ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഈമാസം ഇറക്കുമതി കൂടിയിട്ടുമുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ എ.എസ്. സാഹ്നിയും പറഞ്ഞിരുന്നു.

Marco Rubio alleges that China is profiting by diverting Russian oil to European countries

Share Email
Top