വാഷിങ്ടണ്‍: ഓഗസ്റ്റ് 15-ാം തീയതിയായിരുന്നു ലോകം ആകാംഷയോടെ ഉറ്റുനോക്കിയ യുഎസ്-റഷ്യന്‍ പ്രസിഡന്റുമാരുടെ അലാസ്‌ക ഉച്ചകോടി. യുക്രൈനിലെ സംഘര്‍ഷത്തിന് അറുതിവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുതിനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പക്ഷേ, അക്കാര്യത്തില്‍ ഫലം കാണാതെ പിരിയുകയായിരുന്നു.
എന്നാല്‍, റഷ്യയില്‍ നിന്നെത്തിയ മൂന്ന് ജെറ്റ് വിമാനങ്ങള്‍ക്ക് അമേരിക്കയിൽ ഇന്ധനം നിറയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് ഏകദേശം 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ) പണമായി നല്‍കേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉച്ചകോടിക്കായി അലാസ്‌കയിലെത്തിയ പുതിന് റെഡ് കാര്‍പ്പറ്റ് സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍, എത്തിയ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആവശ്യമായി വന്ന തുക പുതിനും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിനും പണമായിത്തന്നെ നല്‍കേണ്ടിവന്നത് യുഎസ് ഉപരോധം കാരണമാണെന്ന് റൂബിയോ വിശദീകരിച്ചു.
‘റഷ്യക്കാര്‍ അലാസ്‌കയില്‍ വന്നിറങ്ങിയപ്പോള്‍, ഇന്ധനം നിറയ്ക്കാന്‍ അവര്‍ക്ക് അവിടെ ഉണ്ടായിരുന്ന നമ്മുടെ ബാങ്കിങ് സംവിധാനം ഉപയോഗിക്കാന്‍ സാധിച്ചില്ല. അതിനാല്‍ അവര്‍ക്ക് അവരുടെ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള തുക പണമായിത്തന്നെ നല്‍കേണ്ടിവന്നു’, റൂബിയോ എന്‍ബിസിയോട് പറഞ്ഞു.
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്, റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ റഷ്യയ്ക്ക് യുഎസിന്റെ ബാങ്കിങ് സംവിധാനങ്ങളൊന്നും ഉപയോഗിക്കാന്‍ സാധിക്കില്ല. അഞ്ചു മണിക്കൂറോളമാണ് പുതിനും സംഘവും യുഎസില്‍ ചെലവഴിച്ചത്.