തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമാണിത്.
ക്യാമ്പയിന്റെ പ്രധാന നിർദ്ദേശങ്ങൾ:
- വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലെയും ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കണം.
- റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവ് ഉറപ്പുവരുത്തുകയും വേണം. ഇത് പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്യാമ്പയിനിൽ എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണം.
- പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളങ്ങളിലും മറ്റ് ജലസ്രോതസ്സുകളിലും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം.
- വെള്ളത്തിലിറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
- അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കണം.
നിലവിൽ ഈ വർഷം 41 അമീബിക് മസ്തിഷ്ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 18 കേസുകൾ ഇപ്പോഴും സജീവമാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ചികിത്സയ്ക്കുള്ള മരുന്നുകൾ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ പരിപാടികൾ നടത്തും.
Mass campaign to prevent amoebic encephalitis; All wells in the state will be chlorinated on Saturdays and Sundays