കൂട്ട നാടുകടത്തലിന് ഒരുങ്ങി അമേരിക്ക: 5.5 കോടിയിലധികം വീസകള്‍ പുനഃപരിശോധിക്കുന്നു

കൂട്ട നാടുകടത്തലിന് ഒരുങ്ങി അമേരിക്ക: 5.5 കോടിയിലധികം വീസകള്‍ പുനഃപരിശോധിക്കുന്നു

വാഷിങ്ടണ്‍: നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാന്‍ വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നു. ട്രംപ് ഭരണകൂടം വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് വീസ ഉടമകളും തുടര്‍ച്ചയായ പരിശോധനയ്ക്ക് വിധേയരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്തു.

നാടുകടത്തലിന് കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വിസ റദ്ദാക്കപ്പെടും. വീ സ ഉടമ അമേരിക്കയില്‍ തുടരുകയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കുനേരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

വിസയില്‍ അനുവദിച്ച സമയപരിധി കഴിഞ്ഞും തങ്ങുന്നത്, ക്രിമിനല്‍ പ്രവര്‍ത്തനം, പൊതുസുരക്ഷാ ഭീഷണി, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നല്‍കുകയോ ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചുവരുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ‘വിസ നല്‍കിയതിന് ശേഷം അയോഗ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വിവരം ലഭിച്ചാല്‍ അത് അവലോകനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും’യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണത്തില്‍ പറയുന്നു.

ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും അമേരിക്കയില്‍ താമസിക്കാന്‍ അനുമതി ലഭിച്ചവരുടെ പോലും വിസ പെട്ടെന്ന് റദ്ദാക്കപ്പെട്ടേക്കാം എന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പുതിയ നിലപാട് സൂചിപ്പിക്കുന്നത്.

Mass deportations: US reviews over 55 million visas

Share Email
Top