നിമിഷപ്രിയയുടെ മോചനത്തിനായി സുവിശേഷ പ്രാസംഗികൻ കെ.എ. പോൾ പണം പിരിക്കുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം.
നിമിഷപ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് കെ.എ. പോൾ തന്റെ എക്സ് അക്കൗണ്ടിലൂടെ അവകാശപ്പെട്ടിരുന്നു. പണം കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വ്യക്തമാക്കി. വിദേശകാര്യ വകുപ്പിന്റെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന കെ.എ. പോളിന്റെ പോസ്റ്റ് വ്യാജമാണെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
നിലവിൽ, ബ്ലഡ് മണി സംബന്ധിച്ച തീരുമാനം യമനിൽ നിന്ന് ലഭിക്കാത്തതിനാൽ ആക്ഷൻ കൗൺസിൽ യാതൊരുവിധ പണപ്പിരിവും നടത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പരാതി
കെ.എ. പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആക്ഷൻ കൗൺസിൽ ലീഗൽ ഹെഡ് അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രനാണ് പോളിനെതിരെ പരാതി നൽകിയത്. അനധികൃതമായി പണപ്പിരിവ് നടത്താൻ കെ.എ. പോൾ ശ്രമിക്കുന്നുണ്ടെന്നും, അതിനാൽ അദ്ദേഹത്തിനെതിരെ ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കെ.എ. പോൾ ഇതിനു മുൻപും നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.