ന്യൂഡൽഹി: രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഓരോ വർഷവും ആയിരക്കണക്കിന് മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. 2024-25 അധ്യയന വർഷത്തിൽ 2849 എം.ബി.ബി.എസ് സീറ്റുകളാണ് ആളില്ലാതെ കിടന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) എന്നിവയിലെ ഒഴിവുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
സങ്കീർണ്ണമായ പ്രവേശന നടപടികളാണ് ഇത്രയധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിനുള്ള പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എൻ.എം.സി നിശ്ചയിക്കുന്ന സമയപരിധിക്ക് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടിവരുന്നതാണ് ഒരു പ്രധാന പ്രശ്നം. കൂടാതെ, ഗ്രാമീണ മേഖലകളിലെയും പുതിയ കോളേജുകളിലെയും സീറ്റുകൾക്ക് ആവശ്യക്കാർ കുറവാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണത്തിൽ 39% വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയ്ക്കുന്നതിനാണ് ഈ നടപടി. 2024-25 വർഷത്തിൽ രാജ്യത്താകെ 1,15,900 എം.ബി.ബി.എസ് സീറ്റുകളുണ്ട്. 2020-21 വർഷത്തിൽ ഇത് 83,275 ആയിരുന്നു. കേരളത്തിൽ സീറ്റുകളുടെ എണ്ണം 4705 ആയി വർധിച്ചിട്ടുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ:
- 2020-21: 2,012
- 2022-23: 4,146
- 2023-24: 2,959
- 2024-25: 2,849
Medical Admissions: 2849 MBBS seats are vacant in India this year itself