ലോകചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ഈ വർഷം കേരളത്തിലേക്ക് വരില്ലെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുർറഹ്മാൻ സ്ഥിരീകരിച്ചു. നേരത്തെ ഒക്ടോബർ-നവംബർ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന ഉറച്ച ഉറപ്പ് പങ്കുവെച്ചിരുന്ന മന്ത്രിയാണ് ഇപ്പോൾ നിലപാട് തിരുത്തിയത്.
അർജന്റീന ടീം ഔദ്യോഗികമായി കേരളത്തിലെത്താനാവില്ലെന്ന് അറിയിച്ചതായും, ഇത് മന്ത്രിയാണ് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതും . ടീം കേരളത്തിലെത്താനായി കരാർ ഒപ്പുവെച്ചതായും, അതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസർമാർ നിശ്ചിത തുക അടച്ചതായും മന്ത്രി അറിയിച്ചു. പക്ഷേ, പണം ലഭിച്ചതിന് ശേഷമാണ് ഈ വർഷത്തെ കലണ്ടറിൽ കേരളം ഉൾപ്പെടുത്താൻ കഴിയില്ലെന്നതായാണ് അറിയിപ്പ് ലഭിച്ചത്.
“2026-ൽ വരാമെന്ന നിർദ്ദേശം അർജന്റീന നൽകിയെങ്കിലും അതിന് കേരളം താത്പര്യം കാണിച്ചില്ല. അടച്ച തുക തിരിച്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മന്ത്രാലയം, ധനകാര്യ വകുപ്പ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. ഇനി സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംഘവും അതിന് ഉത്തരവാദികളാകും,” മന്ത്രി വ്യക്തമാക്കി.
ഡിസംബർ മാസം മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതോടെയാണ് കേരളത്തിലേക്കുള്ള സന്ദർശനം സംശയത്തിലായത്. മുംബൈയും കൊൽക്കത്തയുമാണ് ആ പര്യടനത്തിലെ പ്രധാന നഗരങ്ങൾ.
ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായിട്ടുള്ള സന്ദർശനത്തിൽ അർജന്റീന കേരളത്തെ ഉൾപ്പെടുത്തില്ലെന്ന് നിരവധി ഫുട്ബാൾ നിരീക്ഷകർ മുമ്പ് സൂചന നൽകിയിരുന്നുവെങ്കിലും, ടീം എത്തുമെന്ന് ഉറപ്പിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത് മന്ത്രിയായിരുന്നു. ഇപ്പോൾ അതിനെയാണ് മന്ത്രി ഔദ്യോഗികമായി തിരുത്തിയത്.
Messi and Argentina Team Not Coming to Kerala; Sports Minister Retracts Earlier Announcement