ജോര്‍ജിയയിലെ വീട്ടില്‍ പതിച്ച ഉല്‍ക്കാശില 456 കോടി വര്‍ഷം പഴക്കമുള്ളതെന്ന് കണ്ടെത്തൽ

ജോര്‍ജിയയിലെ വീട്ടില്‍ പതിച്ച ഉല്‍ക്കാശില 456 കോടി വര്‍ഷം പഴക്കമുള്ളതെന്ന് കണ്ടെത്തൽ

വാഷിംഗ്ടൺ: കഴിഞ്ഞ ജൂണില്‍ തെക്കുകിഴക്കന്‍ യുഎസിന്റെ ആകാശത്ത് പകല്‍ വെളിച്ചത്തില്‍ ഒരു വലിയ അഗ്‌നിഗോളം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അമേരിക്കന്‍ മീറ്റിയോര്‍ സൊസൈറ്റിക്കും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ അവസാനത്തില്‍ സംഭവിക്കാറുള്ള ആകാശ പ്രതിഭാസമായ ബൂട്ടിഡ്‌സ് ഉല്‍ക്കാവര്‍ഷത്തിന്റെ ഭാഗമാണിതെന്ന് നാസ സ്ഥിരീകരിച്ചു.

ഏകദേശം ഇതേസമയത്തുതന്നെ ജോര്‍ജിയയിലെ ഹെന്റി കൗണ്ടിയിലെ ഒരു വീടിന്റെ സീലിങ് തകര്‍ത്ത് ഒരു കല്ല് പതിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ കല്ല് വീടിന്റെ മേല്‍ക്കൂരയും സീലിങ്ങും തറയും തുളച്ച് നാശനഷ്ടം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ജോര്‍ജിയയിലെ വീട്ടില്‍ പതിച്ച ഉല്‍ക്കാശില 456 കോടി വര്‍ഷം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്.

ഭൂമിയേക്കാള്‍ പഴക്കമുള്ളതാണ് ഈ ശില. ജൂണ്‍ 26-ന് പകല്‍ വെളിച്ചത്തില്‍ ഇത് ജോര്‍ജിയയുടെ ആകാശത്തിലൂടെ ജ്വലിച്ചു നീങ്ങുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തതായി നാസ അറിയിച്ചു. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ അന്യഗ്രഹ ശിലയുടെ കഷ്ണങ്ങള്‍ വിശകലനം ചെയ്ത് അതിനെ തരംതിരിക്കുകയും ഉത്ഭവം കണ്ടെത്തുകയും ചെയ്തത്. 456 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട ഈ ഉല്‍ക്കാശില ഭൂമിയേക്കാള്‍ ഏകദേശം 2 കോടി വര്‍ഷം പഴക്കമുള്ളതാണെന്ന് അവരുടെ വിശകലനത്തില്‍ വ്യക്തമായതായി സയന്‍സ് അലര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

ജോര്‍ജിയ സര്‍വകലാശാലയിലെ പ്ലാനറ്ററി ജിയോളജിസ്റ്റായ സ്‌കോട്ട് ഹാരിസ് ഉല്‍ക്കാശിലയുടെ കഷ്ണങ്ങള്‍ മൈക്രോസ്‌കോപ്പുകളിലൂടെ പരിശോധിക്കുകയും ഭൂമിയുടെ കണക്കാക്കപ്പെട്ട പ്രായമായ 454 കോടി വര്‍ഷങ്ങളെക്കാള്‍ പഴക്കമുള്ളതും 456 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതുമായ ഉല്‍ക്കയില്‍ നിന്നുള്ളതാണ് ഇവയെന്ന് നിര്‍ണ്ണയിക്കുകയും ചെയ്തു. ആധുനിക സാങ്കേതികവിദ്യയും ജാഗ്രതയുള്ള പൊതുജനങ്ങളും കൂടുതല്‍ കൂടുതല്‍ ഉല്‍ക്കകളെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം, ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍നിന്നുള്ള ബഹിരാകാശ ധൂളികളുടെ അംശങ്ങള്‍ ഇപ്പോഴും തന്റെ വീടിനുചുറ്റും കാണുന്നുണ്ടെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. മക്‌ഡൊനോ ഉല്‍ക്കാശില എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു ജോര്‍ജിയയില്‍ നിന്ന് കണ്ടെടുക്കുന്ന ഇത്തരത്തിലുള്ള 27-ാമത്തേതാണ്.

Meteorite that hit Georgia house is 4.56 billion years old, study finds

Share Email
Top