പ്രതിമാസം 1.77 കോടി രൂപ അടിസ്ഥാന വാടക: ഹൈദരാബാദിൽ 264,000 ചതുരശ്ര അടിയിൽ ഓഫീസ് തുടങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്

പ്രതിമാസം 1.77 കോടി രൂപ അടിസ്ഥാന വാടക: ഹൈദരാബാദിൽ 264,000 ചതുരശ്ര അടിയിൽ ഓഫീസ് തുടങ്ങാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഹൈദരാബാദ്: ഹൈദരാബാദിലെ ഏറ്റവും വലിയ ഓഫീസ് ലീസ് കരാറുകളിലൊന്നില്‍ ഒപ്പുവെച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. നഗരത്തിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ 264,000 ചതുരശ്ര അടി സ്ഥലത്താണ് ഓഫീസ് തുറക്കുന്നതെന്ന് The Times of India റിപ്പോര്‍ട്ടുചെയ്തു. ഫീനിക്‌സ് സെന്റോറസ് കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകള്‍ ഉള്‍പ്പെടുന്ന സ്ഥലത്തിന് മൈക്രോസോഫ്റ്റ് പ്രതിമാസം 1.77 കോടി രൂപയാണ് അടിസ്ഥാന വാടക.

ഹൈദരാബാദില്‍ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യം ശക്തമാക്കുന്നതാണ് പുതിയ നീക്കം. 1998-ല്‍തന്നെ നഗരത്തില്‍ ഇന്ത്യ ഡെവലപ്മെന്റ് സെന്റര്‍ കമ്പനി സ്ഥാപിച്ചിരുന്നു. പിന്നീട് അത് യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ആര്‍ ആന്‍ഡ് ഡി കേന്ദ്രമായി വളര്‍ന്നു. കമ്പനിയുടെ ഗച്ചിബൗളി ക്യാമ്പസ് നിലവില്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് പ്രോജക്റ്റുകള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫീനിക്‌സ് സെന്റോറസിലെ ഓഫീസ് കൂടുതല്‍ ആര്‍ ആന്‍ഡ് ഡി ടീമുകളെയും ടെക്‌നോളജി യൂണിറ്റുകളെയും ഉള്‍ക്കൊള്ളുമെന്നും ഇന്ത്യയിലെ മൈക്രോസോഫ്റ്റിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും കരുതുന്നു.

സാങ്കേതികവിദ്യ, നിര്‍മിതബുദ്ധി (എ.ഐ) എന്നിവയില്‍ ലോകത്തെതന്നെ ഏറ്റവും ആവേശകരമായ വിപണികളിലൊന്നാണ് ഇന്ത്യയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് പുനീത് ചന്ദോക്ക് പറഞ്ഞിരുന്നു. മൈക്രോസോഫ്റ്റ് ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നു. വളര്‍ച്ചയെ നയിക്കുന്ന സാമ്പത്തിക പങ്കാളിത്തങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. 3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം, രാജ്യത്തെ 10 ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കല്‍, ഇന്ത്യയില്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കല്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ തങ്ങള്‍ ഇന്ത്യയോട് എന്നത്തേക്കാളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാനേജ്ഡ് വര്‍ക്ക്സ്പേസ് ഓപ്പറേറ്ററായ ടേബിള്‍ സ്‌പേസ് ടെക്‌നോളജീസുമായി 2025 ജൂലൈ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് മൈക്രോസോഫ്റ്റ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മെയിന്റനന്‍സ്, പ്രവര്‍ത്തനച്ചെലവുകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവയുള്‍പ്പെടെ പ്രതിമാസ മൊത്തം ചെലവ് 5.4 കോടി രൂപ വരും. കരാറില്‍ 4.8 ശതമാനം വാര്‍ഷിക വാടക വര്‍ധനയും 42.15 കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഉള്‍പ്പെടുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Microsoft to open 264,000 sq ft office in Hyderabad, base rent of Rs 1.77 crore per month

Share Email
LATEST
Top