അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘന ആരോപണം നിഷേധിച്ച് കായികമന്ത്രി വി.വി. അബ്ദുറഹ്‌മാൻ.
സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്നും, കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്നും മന്ത്രി വ്യക്തമാക്കി. കരാറിലെ വിവരങ്ങൾ പുറത്ത് വിടാൻ പാടില്ലെന്ന് കരാറിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അത് പുറത്തുവിട്ടത് തന്നെയാണ് കരാർ ലംഘനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വാക്കുകളിൽ, “ഇത് സ്‌പോൺസർമാരും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറാണ്. സർക്കാരിന് അതുമായി ബന്ധമില്ല. സ്‌പോൺസർമാർക്ക് ഒക്ടോബർ-നവംബർ മാസത്തിൽ ടീം എത്തിക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. പകരം 2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീം എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ സർക്കാരും വ്യത്യസ്ത സാഹചര്യങ്ങളും വരുമെന്നും, അതിൽ താൽപര്യമില്ലെന്ന് സ്‌പോൺസർമാർ അറിയിച്ചു.”
മെസ്സിയുടെ പേരിൽ നടത്തിയ സ്പെയിൻ യാത്രയ്ക്കായുള്ള 13 ലക്ഷം രൂപ ചെലവിനും മന്ത്രി മറുപടി നൽകി. “സ്പെയിനിൽ മാത്രമല്ല, ഓസ്‌ട്രേലിയ, ക്യൂബ തുടങ്ങിയ രാജ്യങ്ങളുമായി കായികകരാറുകൾ ഒപ്പുവെക്കാനാണ് യാത്ര. സ്‌പോർട്സ് എക്കോണമി വികസിപ്പിക്കാനാണ് ശ്രമം. അർജന്റീന ടീമിനെ കൊണ്ടുവരുന്നതും അതിന്റെ ഭാഗമാണ്. യാത്രയ്ക്കൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോയിരുന്നു. യാത്രാചെലവിനെ മാത്രം വാർത്തയാക്കുന്നത് ശരിയല്ല,” എന്നാണ് മന്ത്രിയുടെ പ്രതികരണം.
Minister says the government has no role in the contract controversy related to the Argentina team’s Kerala visit.













