‘ഇന്ത്യയെ വിമർശിക്കുന്നവർ റഷ്യയുമായി ഇടപാട് തുടരുന്നു’; ട്രംപിന്റെ ഭീഷണിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘ഇന്ത്യയെ വിമർശിക്കുന്നവർ റഷ്യയുമായി ഇടപാട് തുടരുന്നു’; ട്രംപിന്റെ ഭീഷണിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ വിമർശിക്കുന്നതിൽ മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ആഗോള സാഹചര്യങ്ങളാണ് ഇത്തരമൊരു നീക്കത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. മുൻപ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കു മേൽ ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് ഇത്തരമൊരു പ്രസ്താവനയുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.

റഷ്യൻ അധിനിവേശം കാരണം എത്ര യുക്രൈനികൾ കൊല്ലപ്പെടുന്നു എന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്നും റഷ്യയിൽ നിന്നും വൻതോതിൽ എണ്ണ വാങ്ങിയ ശേഷം ഉയർന്ന ലാഭത്തിന് ഇത് അന്താരാഷ്ട്ര വിപണിയിൽ വിൽക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇന്ത്യയ്ക്ക് താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

എന്നാൽ, നിലവിൽ ഇന്ത്യയെ വിമർശിക്കുന്ന പല രാജ്യങ്ങളും റഷ്യയുമായി എണ്ണയിടപാടുകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസ് യുറേനിയം, വളം, രാസവസ്തുക്കൾ, വൈദ്യുത വാഹനങ്ങൾക്കുള്ള ഘടകങ്ങൾ എന്നിവ റഷ്യയിൽ നിന്ന് വാങ്ങുന്നുണ്ട്. ഊർജം മാത്രമല്ല, വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങൾ തുടങ്ങിയവ യൂറോപ്പ് റഷ്യയിൽ നിന്ന് വാങ്ങുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മറ്റ് പ്രമുഖ സാമ്പത്തിക ശക്തികളെപ്പോലെ ഇന്ത്യക്കും രാജ്യതാൽപര്യങ്ങൾക്കും സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

“റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങൾ റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. യുഎസ് പല്ലേഡിയവും അവരുടെ ആണവോർജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഊർജം ഉറപ്പാക്കാനാണ് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണി സാഹചര്യം കാരണമാണ് ഇറക്കുമതി ചെയ്യാൻ നിർബന്ധിതമാകുന്നത്. ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും ദേശീയ താൽപര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും” വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

‘Those who criticize India continue to do business with Russia’; Ministry of External Affairs’ response to Trump’s threat

Share Email
LATEST
Top