കോട്ടയം: പാക്കിസ്ഥാനില്‍ ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്ന് നേരിടുന്നതെന്നു കത്തോലിക്കാ സഭാ ഉടമസ്ഥതയിലുള്ള ദീപികയുടെ മുഖപ്രസംഗം. ഛത്തീസ്ഗഡില്‍ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലായിരുന്നു രൂക്ഷ വിമര്‍ഷനവുമായി ദീപികയുടെ മുഖ പ്രസഗം.
കന്യാസ്ത്രീകളെ പുറത്തിറക്കിയതു മാത്രമല്ല അകത്താക്കിയതും ആരാണെന്നു അറിയാമെന്നും അതൊന്നും ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസിലാക്കേണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.ഇതൊക്കെ ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്‌കളങ്കരേ, സമൂഹമാധ്യമങ്ങളില്‍ ഇഴയുന്ന വിഷസാന്നിധ്യങ്ങളെ നോക്കൂ എന്നു തുടങ്ങുന്ന മുഖ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ചുവടെ
മതേതര-ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ സഹോദരീ സഹോദരന്മാരേ നന്ദി! സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ജനാധിപത്യ-മതേതര വളര്‍ച്ചകളെയും ദുര്‍ബലമാക്കിക്കൊണ്ട് ഭരണകൂട പിന്തുണയില്‍ ഹിന്ദുത്വ വര്‍ഗീയത ആര്‍ജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും വഴിയില്‍ തട ഞ്ഞിരിക്കുന്നു.
ഛത്തീസ്ഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ‘മതമിളകിയ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടന കള്ളക്കേസില്‍ കുടുക്കിയ രണ്ടു കന്യാസ്ത്രീമാര്‍ക്കു ജാമ്യം ലഭിച്ചിരിക്കുന്നു. വര്‍ഗീയതയ്ക്കുമേല്‍ മതേതര സാഹോദര്യത്തിന്റെ വിജയം! പ ക്ഷേ, ആരും പിരിഞ്ഞുപോകരുത്, വര്‍ഗീയ ആള്‍ക്കൂട്ടങ്ങള്‍ ഇവിടെത്തന്നെയുണ്ട്.
ന്യൂനപക്ഷങ്ങളുടെ മുഖം അടിച്ചുപൊളിക്കാന്‍ നാടു നിരങ്ങുകയാണവര്‍. ജ്യോതിശര്‍മമാരും അവരുടെ കേരളത്തിലുള്‍പ്പെടെയുള്ള വിഷപ്പതിപ്പുകളും ഫണമടക്കിക്കിടപ്പാണ്; വിഷം തീണ്ടരുത്. അഭിമാനിക്കാം, ഛത്തീസ്ഗഡില്‍ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നു; രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ്.
ബജ്രംഗ്ദളിന്റെ താത്പര്യപ്രകാരം ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്ത സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നി വര്‍ക്കു ബിലാസ്പുര്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത് ഇന്നലെ ഉച്ചയ്ക്കാണ്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേര്‍ ജാമ്യം നില്‍ക്കണം, 50,000 രൂപ വീതം കെട്ടിവ യ്ക്കണം എന്നീ ഉപാധികളുണ്ട്.
കഴിഞ്ഞ 25നാണ് ആദിവാസി പെണ്‍കുട്ടിയും സഹോദരനും മറ്റു രണ്ടു പെണ്‍കുട്ടികളും കന്യാസ്ത്രീമാര്‍ക്കൊപ്പം ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കന്യാസ്ത്രീമാര്‍ സഭാ സ്ഥാപനത്തില്‍ ജോലിക്കു കൊണ്ടുപോകുന്നതിനിടെ പ്ലാറ്റ്‌ഫോം ടിക്കറ്റില്ലെന്ന തൊടുന്യായം പറഞ്ഞ് പെണ്‍കുട്ടികളെ തടഞ്ഞുവച്ച ടിടിഇ, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി. തുടര്‍ന്ന് ആള്‍ക്കൂട്ട വിചാചരണയും തുടര്‍ന്ന് റയില്‍വേ പോലീസ് എടുത്ത കേസ് ഇപ്പോള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ നിഴലിലാക്കി എന്‍ഐഎയുടെ കോടതിയിലായി.
ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ഈ കേസ് റദ്ദാക്കുകയും നഗ്‌നമായ വര്‍ഗീയാതിക്രമം നടത്തിയവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയുമാണു വേണ്ടത്. ജ്യോതി ശര്‍മയുടേതു രാജ്യ ദ്രോഹമല്ലെങ്കില്‍ രാജ്യദ്രോഹത്തിന്റെ അര്‍ഥമെന്താണെന്ന് അധികാരക്കസേരയിലുള്ളവര്‍ പറഞ്ഞുതരണം.
പാക്കിസ്ഥാനിലെ ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നതിനു സമാനമായ സ്ഥിതിവിശേഷമാണ് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍നിന്ന് നേരിടുന്നത്. മതത്തിന്റെ പേരില്‍ ഇതരമതസ്ഥരായ പൗരന്മാരെ കാഷ്മീരില്‍ ആക്രമിച്ചവരെ അതിര്‍ത്തി കടന്ന് നേരിട്ട രാജ്യം, അ തിര്‍ത്തിക്കുള്ളിലെ വര്‍ഗീയവാദികള്‍ക്കു മുന്നില്‍ പത്മാസനത്തിലിരിക്കുന്നു.
1999 ജനുവരിയില്‍ ഒറീസയിലെ കുഷ്ഠരോഗികള്‍ക്കുവേണ്ടി ആയുസത്രയും സമര്‍പ്പിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീപ്പിലിട്ടു ജീവനോടെ കത്തിച്ച ഭീകരപ്ര സ്ഥാനമാണ് ബജ്രംഗ്ദള്‍. അന്നുമു ഇന്നുവരെ എത്രയോ ആക്രമണങ്ങള്‍.
ക്രൈസ്തവരായ പെണ്‍കുട്ടികളെ സംബന്ധിച്ച രേഖകളൊന്നും സ്വീകരിക്കാനോ യാത്രക്കാര്‍ക്കു സംരക്ഷണമൊരുക്കാനോ തയാറാകാതിരുന്ന പോലീസ് ബജ്രംഗ്ദളുകാരുടെ ആജ്ഞാനുസാരം നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ഇപ്പോഴത് എന്‍ ഐഎയുടെ കീഴിലാകുകയും ചെയ്തു.
പക്ഷേ, പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി കന്യാസ്ത്രീമാര്‍ക്കും കൂടെയുള്ളവര്‍ക്കും നേരേ ആക്രമണം അഴിച്ചുവിട്ട ജ്യോതിശര്‍മയെന്ന സ്ത്രീക്കെതിരേ ഒരു പെറ്റിക്കേസുപോലുമില്ല. അതേസമയം, നിരപരാധികളായ രണ്ടു കന്യാസ്ത്രീമാര്‍ 52 തടവുകാര്‍ക്കൊപ്പം ജയിലിന്റെ തറയില്‍ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ് കാ വികാസ.്
ഛത്തീസ്ഗഡ് സംഭവത്തിന്റെ ഒന്നാം അധ്യായമേ കഴിഞ്ഞിട്ടുള്ളൂ. താത്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദിക്കാനൊന്നുമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Minorities in India are facing the same kind of persecution from extremist Hindu organizations as minorities in Pakistan: Deepika’s editorial with strong criticism