കൊളംബോ: സര്‍ക്കാര്‍ ഫണ്ട് ദുരുപയോയഗവുമായി ബന്ധപ്പെട്ട് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ സമ്പത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നതാണ് റെനിലിനെതിരേ ചുമത്തിയ കുറ്റം.2023 സെപ്റ്റംബറില്‍ ലണ്ടനില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റിനെ ചോദ്യം ചെയ്തിരുന്നു. ലണ്ടനിലെ സ്വകാര്യ ആവശ്യത്തിനായുള്ള യാത്രയ്ക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ചുവെന്നതാണ് പ്രധാന കുറ്റം. അറസ്റ്റ് ചെയ്ത റെനിലിനെ കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ജി 77 ഉച്ചകോടി നടന്ന ഹവാനയില്‍ നിന്ന് മടങ്ങുമ്പോള്‍ വിക്രമസിംഗെ ലണ്ടനില്‍ ഇറങ്ങുകയും അദ്ദേഹവും ഭാര്യ മൈത്രിയും വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.2023ലെ യാത്രയുടെ ചെലവുകള്‍ തന്റെ ഭാര്യയാണ് നല്‍കിയതെന്നും അവര്‍ അതിനായി പൊതു പണം ഉപയോഗിച്ചിട്ടില്ലെന്നും മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് വാദിക്കുന്നുണ്ട്.
എങ്കിലും തന്റെ അംഗരക്ഷകരുടെ ചെലവുകള്‍ വഹിക്കുന്നതുള്‍പ്പെടെ വിക്രമസിംഗെ സര്‍ക്കാര്‍ ഫണ്ട് യാത്രയ്ക്കായി ഉപയോഗിച്ചുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് പറയുന്നു.
Misappropriation of government funds: Former Sri Lankan President Ranil Wickremesinghe arrested