കൂട്ടനാട് സ്വദേശിനിയായ പെൺകുട്ടി പത്ത് രൂപ നാണയമെന്ന് കരുതി ഒരു പവന്റെ സ്വർണനാണയം മരുന്ന് കടയിൽ നൽകി. പിന്നീട് കാര്യം തിരിച്ചറിഞ്ഞതോടെ പൊതുപ്രവർത്തകൻ രവി കുന്നത്തിന്റെ ഇടപെടലിലൂടെ നാണയം തിരികെ ലഭിച്ചു. സംഭവം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു.
ബാങ്കിൽ പണയംവച്ച സ്വർണനാണയം തിരികെ എടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് പെൺകുട്ടി മരുന്ന് വാങ്ങാൻ കടയിൽ കടന്നത്. 10 രൂപ നാണയത്തോടൊപ്പം സ്വർണനാണയവും ബിൽ തുകയായി കടക്കാരന് നൽകി. വീട്ടിലെത്തി നോക്കിയപ്പോൾ സ്വർണനാണയം നഷ്ടപ്പെട്ടത് മനസ്സിലായി.
ഭീതിയിലായ പെൺകുട്ടി പാലക്കാട് പോലീസ് ഓഫീസറായ സഹോദരനോട് വിവരം അറിയിച്ചു. സഹോദരൻ സുഹൃത്തും പൊതുപ്രവർത്തകനുമായ രവി കുന്നത്തിനെ വിവരം അറിയിച്ചു. രവി സുഹൃത്ത് അജയനുമൊത്ത് കടയിലെത്തി കാര്യം വിശദീകരിച്ചു.
കട ഉടമ 10 രൂപ നാണയമാണെന്ന് കരുതി തുക മേശയിൽ വെച്ചിരുന്നതായും പിന്നീട് ആരോ നാണയം കൊണ്ടുപോയതായും പറഞ്ഞു. ഉടൻ നിരീക്ഷണ ക്യാമറ പരിശോധിച്ച് കടയിലെത്തിയവരുടെ പട്ടിക തയ്യാറാക്കി. തുടർന്ന്, കൂട്ടനാട്ടിലെ ഒരാളുടെ കൈവശം ഉണ്ടായിരുന്ന സ്വർണനാണയം കണ്ടെത്തി പെൺകുട്ടിക്ക് തിരികെ നൽകി.
Mistaking it for a 10-rupee coin, girl gives gold coin at shop; Recovered through intervention of social worker.