ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിൽ; വന്ദേമാതരവും ഭാരത് മാതാ കീ ജയും മുഴക്കി നൽകിയത് ഉജ്വലമായ വരവേൽപ്പ്

ഏഴ് വർഷത്തിന് ശേഷം മോദി ചൈനയിൽ; വന്ദേമാതരവും ഭാരത് മാതാ കീ ജയും മുഴക്കി നൽകിയത് ഉജ്വലമായ വരവേൽപ്പ്

ബെയ്ജിങ്: ഏഴ് വർഷത്തിനുശേഷം ചൈനീസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈന നൽകിയത് ഉജ്വലമായ വരവേൽപ്പ്. വിമാനത്തിൽനിന്ന് ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ ചുവന്ന പരവതാനി വിരിച്ച് ചൈന ഒരുങ്ങിയിരുന്നു. ഉന്നത ഉദ്യോഗസ്ഥ വൃന്ദവും ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നർത്തകരും അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി.

ടിയാൻജിനിലെ ഇന്ത്യൻ സമൂഹമുൾപ്പെടെ മോദിയുടെ വരവിനായി കാത്തുനിന്നിരുന്നു. ഇന്ത്യൻ പതാകയേന്തി കുട്ടികൾ മോദിക്ക് ആഹ്ലാദം പകർന്നു. കുട്ടികളുമായി സ്നേഹസംഭാഷണം നടത്താനും പ്രധാനമന്ത്രി സമയം കണ്ടെത്തി. ‘വന്ദേമാതരവും’, ‘ഭാരത് മാതാ കീ ജയും’, ‘ജയ് മോദി’യും കൊണ്ട് അന്തരീക്ഷം മുഖരിതമായി.

ചൈനീസ് കലാകാരികൾ അവതരിപ്പിച്ച ഇന്ത്യൻ സംഗീതവും നൃത്തവും മോദിക്ക് ചൈനയൊരുക്കിയ ഗംഭീര വരവേൽപ്പിന് മാറ്റ് കൂട്ടി. ഇന്ത്യൻ കലകളെ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അവ പഠിക്കാൻ തീരുമാനിച്ചതെന്ന് കലാകാരികൾ പ്രതികരിച്ചു.

രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിക്കായി ചൈനയിലെത്തിയത്. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനിൽ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം കസാനിൽ നടന്ന എസ്.സി.ഒ. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായും മോദി ചർച്ച നടത്തും.

ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്റെ (എസ്‍സിഒ) വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന അജൻഡ. എന്നാൽ, യുഎസ് തീരുവയുടെ പശ്ചാത്തലത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി ഞായറാഴ്ച മോദി കൂടിക്കാഴ്ചനടത്തും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമ്പദ്‍വ്യവസ്ഥകളെന്നനിലയിൽ ആഗോളസാമ്പത്തികക്രമത്തിൽ സ്ഥിരതകൊണ്ടുവരാൻ ഇന്ത്യ-ചൈന സാമ്പത്തികസഹകരണം അതിപ്രധാനമാണെന്ന് ജപ്പാൻസന്ദർശനവേളയിൽ മോദി പറഞ്ഞിരുന്നു. കിഴക്കൻ ലഡാക്കിലെ അതിർത്തിസംഘർഷവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ വഷളായ ബന്ധം സാധാരണനിലയിലാക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്.

എസ്‍സിഒ ഉച്ചകോടിക്കെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും മറ്റ് രാഷ്ട്രനേതാക്കളുമായും മോദി കൂടിക്കാഴ്ചനടത്തും. 20-ലേറെ രാഷ്ട്രനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ തീരുവ ഇന്ത്യയുടെ കയറ്റുമതിയെയും വിപണിയെയും ബാധിച്ചിരിക്കെ ദക്ഷിണേഷ്യയിൽ ചൈന, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് പുതിയ സാമ്പത്തികചേരിയുണ്ടാക്കാനും വിതരണശൃഖലകളും നിക്ഷേപവും തുറക്കാനുമാണ് ഇന്ത്യയുടെ ശ്രമം. ഈ മാസം അതിർത്തിചർച്ചകൾക്കായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിലെ കസാനിൽനടന്ന എസ്‍സിഒ ഉച്ചകോടിക്കിടെ മോദിയും ഷിയും തമ്മിൽനടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുക്കമുണ്ടായത്. 2018-ലായിരുന്നു ഇതിനുമുൻപ്‌ മോദി ചൈന സന്ദർശിച്ചത്. ഇന്ത്യയിലേക്ക് 6800 കോടി ഡോളറിന്റെ നിക്ഷേപത്തിന് വഴിയൊരുക്കിയ ജപ്പാൻ സന്ദർശനത്തിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ ചൈനായാത്ര.

Modi Arrives in China After Seven Years, Greeted with a Grand Welcome and Chants of ‘Vande Mataram’ and ‘Bharat Mata Ki Jai’.

Share Email
Top