വിലയേറിയ കല്ലുകള്‍ പതിച്ച റാമെന്‍ പാത്രങ്ങൾ, വെള്ളി ചോപ്സ്റ്റിക്കുകൾ, പഷ്മിന ഷോൾ: ജപ്പാന്‍ പ്രധാനമന്ത്രിക്കും പത്നിക്കും വിലയേറിയ സമ്മാനങ്ങൾ നൽകി മോദി

വിലയേറിയ കല്ലുകള്‍ പതിച്ച റാമെന്‍ പാത്രങ്ങൾ, വെള്ളി  ചോപ്സ്റ്റിക്കുകൾ, പഷ്മിന ഷോൾ: ജപ്പാന്‍ പ്രധാനമന്ത്രിക്കും പത്നിക്കും വിലയേറിയ സമ്മാനങ്ങൾ നൽകി മോദി

ടോക്യോ: രണ്ടുദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും പത്നി യോഷികോ ഇഷിബയ്ക്കും സ്‌നേഹസമ്മാനങ്ങള്‍ നല്‍കി. വിലയേറിയ കല്ലുകള്‍ പതിച്ച പഴയകാല രീതിയിലുള്ള റാമെന്‍ പാത്രങ്ങളും വെള്ളി കൊണ്ടുള്ള ചോപ്സ്റ്റിക്കുകളുമാണ് ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് മോദി സമ്മാനിച്ചത്. തവിട്ടുനിറത്തിലുള്ള വലിയ ചന്ദ്രകാന്തക്കല്ലിന്റെ ബൗളും അതോടൊപ്പം നാല് ചെറിയ ബൗളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജപ്പാനിലെ പരമ്പരാഗത ഡൊണ്‍ബുരി, സോബ ഭക്ഷണരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സമ്മാനം തിരഞ്ഞെടുത്തത്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള ചന്ദ്രകാന്തക്കല്ല് കൊണ്ടാണ് പാത്രത്തിന്റെ നിര്‍മാണം. സ്‌നേഹം, സന്തുലനം, സംരക്ഷണം എന്നിവയെ ചന്ദ്രകാന്തക്കല്ല് പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്നു. ഇന്ത്യന്‍ സ്പര്‍ശം നല്‍കുന്നതിനായി പ്രധാന പാത്രത്തിന്റെ അടിഭാഗം രാജസ്ഥാനിലെ ‘പാര്‍ച്ചിന്‍ കാരി’ശൈലിയില്‍ അമൂല്യമായ കല്ലുകള്‍ പതിച്ച മക്രാന മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ കരകൗശലവിദ്യയുടെയും ജാപ്പനീസ് ഭക്ഷണ സംസ്‌കാരത്തിന്റെയും സുന്ദരമായ സംയോജനമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ പത്നി യോഷികോയ്ക്ക് കൈകൊണ്ട് നെയ്ത പഷ്മിന ഷോളാണ് പ്രധാനമന്ത്രി സമ്മാനിച്ചത്. കൈകള്‍ കൊണ്ട് ചിത്രവേല ചെയ്ത പേപ്പിയര്‍-മാഷെ പെട്ടിയില്‍ വെച്ചാണ് ഷോള്‍ സമ്മാനിച്ചത്. ലഡാക്കിലെ ചാങ്താങ്കി ആടിന്റെ നേര്‍ത്ത രോമത്തില്‍നിന്ന് കശ്മീരി കരകൗശല വിദഗ്ധര്‍ നെയ്ത ഷോള്‍ മൃദുത്വത്തിനും ഭാരക്കുറവിനും സൗന്ദര്യത്തിനും പേരുകേട്ടതാണ്. വെള്ള കലര്‍ന്ന നിറത്തില്‍ പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള പൂക്കളുടെയും മാങ്ങയുടെ ആകൃതിയിലുള്ളതുമായ ചിത്രങ്ങളോടു കൂടിയ ഈ ഷോള്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കശ്മീരി കലാവൈഭവത്തെ പ്രതിനിധീകരിക്കുന്നു.പേപ്പിയര്‍-മാഷെ പെട്ടിയിലെ പൂക്കളുടെയും പക്ഷികളുടെയും ഡിസൈനുകള്‍ സമ്മാനത്തിന്റെ സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ മൂല്യം ഒന്നുകൂടി ഇരട്ടിപ്പിച്ചു.

പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. കൂടിക്കാഴ്ചകള്‍, വ്യാവസായികയാത്രകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ഉള്‍പ്പെടുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Modi gifts Japanese PM, wife with expensive gifts

Share Email
LATEST
Top