മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ട് മൗനം? യുഎസ് താരിഫിൽ കടന്ന് ആക്രമിച്ച് ഒവൈസി

മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ട് മൗനം?  യുഎസ് താരിഫിൽ കടന്ന് ആക്രമിച്ച് ഒവൈസി

മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവകൾ ഏർപ്പെടുത്തിയതിനേതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി. തീരുവകൾ ഇന്ത്യയിലെ കയറ്റുമതിക്കാരെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും (MSME) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നടപടിയെ ‘മര്യാദയില്ലാത്തവന്റെ ഭീഷണിപ്പെടുത്തൽ’ എന്ന് വിശേഷിപ്പിച്ച ഒവൈസി, ആഗോള വ്യാപാരം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനാണ് അമേരിക്ക ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയത്, ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു. ഈ നടപടി ഇന്ത്യൻ കയറ്റുമതിക്കാരെയും, നിർമ്മാതാക്കളെയും, MSME-കളെയും, കർഷകരെയും ദോഷകരമായി ബാധിക്കും. ഇത് വിതരണ ശൃംഖലയെ താറുമാറാക്കുകയും വിദേശ നിക്ഷേപത്തെ ബാധിക്കുകയും തൊഴിലവസരങ്ങൾ കുറയ്ക്കുകയും ചെയ്യും. എന്നാൽ ഇതൊന്നും നരേന്ദ്ര മോദിക്ക് വിഷയമല്ലെന്നും ഒവൈസി ആരോപിച്ചു.

ട്രംപിന്റെ നടപടിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും ഒവൈസി ചോദ്യം ചെയ്തു. വിദേശനയത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശം ഭരണകൂടം വിട്ടുകൊടുത്തോ എന്നും അദ്ദേഹം ചോദിച്ചു. ജപ്പാൻ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് കുറഞ്ഞ തീരുവയാണ് നൽകേണ്ടിവരുന്നതെന്നും, ഇത് യുഎസിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയുടെ മത്സരശേഷി കുറയ്ക്കുമെന്നും ഒവൈസി ചൂണ്ടിക്കാട്ടി.

Share Email
More Articles
Top