ഇരുപതിലധികം ലോകനേതാക്കൾ ഒത്തുകൂടും: നയതന്ത്ര പ്രാധാന്യത്തോടെ ചൈനയുടെ എസ്‌സിഒ ഉച്ചകോടി

ഇരുപതിലധികം ലോകനേതാക്കൾ ഒത്തുകൂടും: നയതന്ത്ര പ്രാധാന്യത്തോടെ ചൈനയുടെ എസ്‌സിഒ ഉച്ചകോടി

ബെയ്ജിങ്: അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഇരുപതിലധികം ലോകനേതാക്കളെ ഒരുമിപ്പിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കാരണം നേരിട്ടും അല്ലാതെയും ബുദ്ധിമുട്ടുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരിക്കും. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയെ മറ്റൊരു നയതന്ത്ര വിജയം നേടാനും ഇത് സഹായിക്കുമെന്നാണ്‌ വിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനയുടെ വടക്കന്‍ തുറമുഖ നഗരമായ ടിയാന്‍ജിനില്‍, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) നടത്തുന്ന ഉച്ചകോടി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെയും കൂടാതെ, മധ്യ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോദി വീണ്ടും ചൈന സന്ദര്‍ശിക്കുന്നത്. 2020-ല്‍ നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ ഉരസലുകള്‍ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം നടത്തുന്നതിനിടെയാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് മോദി അവസാനമായി ഷിയുമായും പുതിനുമായും ഒരേ വേദി പങ്കിട്ടത്.

ചൈന-ഇന്ത്യ ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് മോസ്‌കോ പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഉച്ചകോടിക്ക് ശേഷം വൈകാതെ മോദി ചൈനയില്‍നിന്ന് മടങ്ങുമെന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ആ ആഴ്ച അവസാനം ബെയ്ജിങ്ങില്‍ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ സൈനിക പരേഡില്‍ പങ്കെടുക്കുന്നിന്റെ ഭാഗമായി പുതിന്‍ അവിടെ തുടരും. പുതിന്‍ റഷ്യക്ക് പുറത്ത് ഇത്തരത്തില്‍ ഇത്രയധികം ദിവസം ചെലവഴിക്കുന്നത് അസാധാരണമാണെന്നാണ്‌ വിദഗ്ധര്‍ പറയുന്നത്.

2001-ല്‍ എസ്‌സിഒ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇത്തവണത്തേതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. പുതിയ തലത്തിലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ഈ ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ.

സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ആറ് യുറേഷ്യന്‍ രാജ്യങ്ങളുടെ സംഘമായി ആരംഭിച്ച കൂട്ടായ്മ, സമീപ വര്‍ഷങ്ങളില്‍ 10 സ്ഥിരാംഗങ്ങളായും 16 സംവാദ, നിരീക്ഷക രാജ്യങ്ങളായും വികസിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍നിന്നു സാമ്പത്തിക, സൈനിക സഹകരണത്തിലേക്കും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന മേഖല വികസിച്ചിട്ടുണ്ട്.

More than twenty world leaders will gather: China’s SCO summit with diplomatic significance

Share Email
LATEST
Top