മുംബൈ : റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനി ‘റിലയന്‍സ് ഇന്‍റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) മേഖലയില്‍ ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഗൂഗിള്‍, മെറ്റ തുടങ്ങിയ ആഗോള ടെക് ഭീമന്മാരുമായി സഹകരിച്ചാണ് റിലയന്‍സ് ഈ രംഗത്തേക്ക് കടന്നുവരുന്നത്.
പുതിയ കമ്പനിക്ക് നാല് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്നാമതായി, ഇന്ത്യയുടെ അടുത്ത തലമുറ AI അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക. ഇതിനായി അത്യാധുനിക ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കും. രണ്ടാമതായി, ലോകോത്തര AI സാങ്കേതികവിദ്യകളും ഓപ്പണ്‍-സോഴ്സ് സംരംഭങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആഗോള പങ്കാളിത്തം ഉറപ്പാക്കുക.
മൂന്നാമതായി, ഇന്ത്യയിലെ സാധാരണ ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ AI സേവനങ്ങള്‍ ലഭ്യമാക്കുക. നാലാമതായി, ലോകോത്തര AI ഗവേഷകരെയും എഞ്ചിനീയര്‍മാരെയും ഡിസൈനര്‍മാരെയും ഒരുമിച്ച് കൊണ്ടുവന്ന് ഒരു ടാലന്റ് ഇന്‍കുബേഷന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക. ഈ പുതിയ സംരംഭത്തിലൂടെ ഇന്ത്യയ്ക്കും ലോകത്തിനും പ്രയോജനകരമായ നൂതന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുമെന്ന് മുകേഷ് അംബാനി യോഗത്തില്‍ വ്യക്തമാക്കി.