കേരള താരങ്ങളെ റാഞ്ചാന്‍ മുംബൈ ഇന്ത്യന്‍സ്; കെസിഎല്‍ കാണാന്‍ കിരണ്‍ മോറെയും എത്തി

കേരള താരങ്ങളെ റാഞ്ചാന്‍ മുംബൈ ഇന്ത്യന്‍സ്; കെസിഎല്‍ കാണാന്‍ കിരണ്‍ മോറെയും എത്തി

തിരുവനന്തപുരം: കെസിഎല്‍ സീസണ്‍ രണ്ടച് ഉദ്ഘാടന ദിനത്തിലെ മത്സരങ്ങള്‍ കാണാന്‍ എത്തിയ പ്രമുഖരില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ സ്‌കൗട്ടും മുന്‍ ഇന്ത്യന്‍ താരവുമായ കിരണ്‍ മോറെയും. ഐപിഎല്‍ സ്വപ്നം കാണുന്ന കേരളതാരങ്ങള്‍ക്ക് പ്രതീക്ഷയേകുന്നതാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. കേരളത്തിലെ യുവപ്രതിഭകളെ കണ്ടെത്തി തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു മോറെയുടെ വരവ്.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടാലന്റ് സ്‌കൗട്ടിംഗ് ശൃംഖലകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സിന്റേത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും കഴിവുറ്റ കളിക്കാരെ കണ്ടെത്തി ലോകോത്തര താരങ്ങളാക്കി മാറ്റുന്നതില്‍ മുംബൈയുടെ പങ്ക് വളരെ വലുതാണ്.

കഴിഞ്ഞ സീസണില്‍ കേരളത്തില്‍ നിന്ന് വിഘ്‌നേഷ് പുത്തൂര്‍ എന്ന യുവതാരത്തെ കണ്ടെത്തിയതും ഇതേ സ്‌കൗട്ടിംഗ് ടീമായിരുന്നു. കെസിഎല്ലിലെ മികച്ച പ്രകടനമാണ് വിഘ്‌നേഷിന് മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറാകാനും പിന്നീട് ടീമിന്റെ ഭാഗമാകാനും വഴിയൊരുക്കിയത്.

?ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കിരണ്‍ മോറെ നേരിട്ട് ഇത്തവണ കെസിഎല്‍ വേദിയിലെത്തിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിലെ ഓരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ച അദ്ദേഹം, കളിക്കാരുടെ പ്രകടനങ്ങള്‍ വിലയിരുത്തി. ലീഗിലെ പ്രധാന ടീമുകളെയും കളിക്കാരെയും കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചതായാണ് വിവരം. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയും ഡെത്ത് ഓവറുകളില്‍ മികവ് പുലര്‍ത്തുന്ന ബൗളര്‍മാരെയുമാണ് മുംബൈ പ്രധാനമായും ലക്ഷ്യമിടുന്നത്.

?സഞ്ജു സാംസണെപ്പോലുള്ള താരങ്ങള്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയെങ്കിലും, ഐപിഎല്‍ ടീമുകളില്‍ കേരള താരങ്ങളുടെ സാന്നിധ്യം ഇപ്പോഴും കുറവാണ്. ഈ കുറവ് നികത്താനും കൂടുതല്‍ അവസരങ്ങള്‍ യുവതാരങ്ങള്‍ക്ക് നല്‍കാനും കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ സഹായിക്കും. കിരണ്‍ മോറെയുടെ ഈ സന്ദര്‍ശനം കെസിഎല്ലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ സ്‌കൗട്ടുമാര്‍ കേരളത്തിലേക്ക് ഒഴുകിയെത്താനും സാധ്യതയുണ്ട്.

കളിക്കളത്തില്‍ തീ പാറുന്ന പോരാട്ടങ്ങള്‍ നടക്കുമ്പോള്‍, പുറത്ത് കളിക്കാരെ സ്വന്തമാക്കാനുള്ള വാശിയേറിയ മത്സരത്തിനും കൂടിയാണ് കെസിഎല്‍ രണ്ടാം സീസണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Mumbai Indians to poach Kerala players; Kiran More also arrived to watch KCL

Share Email
Top