ന്യൂയോർക്ക്: ആപ്പിളിന്റെ ആപ്‌സ്റ്റോറിൽ തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സ്, എഐ പ്ലാറ്റ്ഫോമായ ഗ്രോക്ക് എന്നിവ ലഭ്യമാകാത്തതിന്റെപേരിൽ കമ്പനിക്കെതിരേ കേസുകൊടുക്കുമെന്ന് ഇലോൺ മസ്‌ക്.
ആപ്‌സ്റ്റോറിൽ എക്‌സിന്റെയും ഗ്രോക്കിന്റെയും ആപ്ലിക്കേഷനുകൾ പ്രാധാന്യത്തോടെ കാണിക്കുന്നില്ല എന്നാണ് മസ്‌കിന്റെ ആരോപണം. “ലോകത്തെ ഒന്നാം നമ്പർ വാർത്താ ആപ്പായ എക്‌സ്, ആപ്പുകളുടെ പ്രചാരത്തിൽ അഞ്ചാംസ്ഥാനത്തുള്ള ഗ്രോക്ക് എന്നിവ നിങ്ങളുടെ ‘മസ്റ്റ് ഹാവ്’ വിഭാഗത്തിൽ (നിർബന്ധമായും വേണ്ടുന്ന ആപ്പുകൾ) എന്തുകൊണ്ട് കാണിക്കുന്നില്ല? നിങ്ങൾ രാഷ്ട്രീയം കളിക്കുകയാണോ? അന്വേഷണതത്പരരായ ആളുകൾക്ക് സത്യമറിയണം?” -ആപ്പിളിനെ ടാഗ് ചെയ്ത് മസ്‌ക് തിങ്കളാഴ്ച എക്‌സിലൂടെ ചോദിച്ചു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എഐ കമ്പനിയായ എക്‌സ്എഐ ഇറക്കിയ നിർമിതബുദ്ധി ചാറ്റ്‌ബോട്ടാണ് ഗ്രോക്ക്.
ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐയുടേതല്ലാതെ മറ്റ് എഐ കമ്പനികളുടെ ആപ്പുകൾ ആപ്‌സ്റ്റോറിൽ ഒന്നാംസ്ഥാനത്തെത്താതിരിക്കാനാണ് ആപ്പിളിന്റെ ശ്രമമെന്നും മസ്ക് ആരോപിച്ചു. വിപണിയിൽ നിയമാനുസൃതമായ മത്സരമുറപ്പാക്കുന്ന ആന്റിട്രസ്റ്റ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് ആപ്പിളിന്റെ നടപടിയെന്നും കുറ്റപ്പെടുത്തി. മസ്‌കിന്റെ ആരോപണത്തെക്കുറിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല.
Musk says he will sue Apple for not showing X and Grok’s apps as important