തിരുവനന്തപുരം : കത്ത് ചോർച്ചാ വിവാദത്തിൽ വ്യവസായി മുഹമ്മദ് ഷർഷാദിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ ഷർഷാദ് നടത്തിയ അപകീർത്തികരമായ പ്രചാരണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം.
മുതിർന്ന അഭിഭാഷകൻ രാജഗോപാലൻ നായർ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണങ്ങൾ പിൻവലിച്ച് മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും അപകീർത്തികരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
സിപിഎം പോളിറ്റ് ബ്യൂറോക്ക് ഷർഷാദ് നൽകിയ പരാതിയുടെ പകർപ്പ് പുറത്തായതിന് പിന്നിൽ എം.വി. ഗോവിന്ദന്റെ മകനാണെന്ന് ഷർഷാദ് ആരോപിച്ചിരുന്നു. ഇതാണ് നോട്ടീസ് അയക്കാൻ കാരണം. പാർട്ടിക്ക് നൽകിയ കത്ത് എങ്ങനെ കോടതിയിലെ രേഖയായി എന്നതിനെക്കുറിച്ചാണ് വിവാദം ഉടലെടുത്തത്. എം.വി. ഗോവിന്ദൻ ആരോപണങ്ങളെല്ലാം അസംബന്ധമാണെന്ന് നേരത്തെ പ്രതികരിച്ചിരുന്നു.