കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ സന്ദർശിച്ചുവെന്ന
വിവാദം കടുക്കുന്നതിനിടെ വെളിപ്പെടുത്തലുമായി ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദൻ തന്നെ കണ്ടിരുന്നുവെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം സിപിഎമ്മിൽ വലിയ വിവാദം ഉടലെടുത്തിരുന്നു. പയ്യന്നൂരിലെ മാധവ പൊതുവാൾ എന്ന ജ്യോത്സ്യനെ ഗോവിന്ദൻ മാസ്റ്റർ കണ്ടുവെന്നായിരുന്നു ആരോപണം. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ചില നേതാക്കൾ വിമർശനം ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട നേതാക്കൾ ജ്യോത്സ്യന്മാരെ കാണാൻ പോകുന്നത് ശരിയായ നടപടിയല്ലെന്നും ഇത് പാർട്ടിക്ക് പേരുദോഷമുണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് എം.വി. ഗോവിന്ദൻ തന്നെ രംഗത്തെത്തി. താൻ ജ്യോത്സ്യനെ കണ്ടിട്ടില്ലെന്നും, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ഈ വിവാദത്തിൽ സിപിഎം നേതാക്കളായ എ.കെ. ബാലൻ, പി. ജയരാജൻ എന്നിവർ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. നേതാക്കൾ ജ്യോത്സ്യന്മാരെ കാണുന്നതിൽ എന്താണ് തെറ്റെന്ന് എ.കെ. ബാലൻ ചോദിച്ചു. വ്യക്തിപരമായ കാര്യങ്ങൾക്ക് ജ്യോതിഷം നോക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ പാർട്ടിയുടെ വിശ്വാസം വൈരുദ്ധ്യാത്മക ഭൗതികവാദത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. ജയരാജൻ ആകട്ടെ, ഗോവിന്ദൻ മാസ്റ്റർ തന്നെ ആരോപണങ്ങൾ നിഷേധിച്ച സ്ഥിതിക്ക് അതിൽ കൂടുതൽ പ്രതികരിക്കാനില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.